പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം 25 ന്; കര്‍ഷക കുടുംബത്തിന് പ്രതിവര്‍ഷം 6000 രൂപ

പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎംകിസാന്‍) പദ്ധതി പ്രകാരമുള്ള തുക ഡിസംബര്‍ 25 മുതല്‍ വിതരണം ചെയ്യും. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കര്‍ഷകരെ അഭിസംബോധന ചെയ്തതാണ് ഇതറിയിച്ചത്.
പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി (പിഎംകിസാന്‍) പദ്ധതി 2019 ല്‍ പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥരായ കര്‍ഷക കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതാണ് പദ്ധതി. പ്രതിവര്‍ഷം 6000 രൂപ നല്‍കും. മൂന്ന് ഗഡുക്കളായി 2000 രൂപ വീതം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തും.
പ്രധാനമന്ത്രികിസാന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ (2019 ഫെബ്രുവരി) ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ വരെ ഭൂമിയുള്ളവര്‍ക്കാണ് അനുവദിച്ചിരുന്നത്. ഈ പദ്ധതി പിന്നീട് 2019 ജൂണില്‍ പരിഷ്‌കരിക്കുകയും ഭൂവുടമകളുടെ വലുപ്പം കണക്കിലെടുക്കാതെ എല്ലാ കര്‍ഷക കുടുംബങ്ങളിലേയ്ക്കും വ്യാപിപ്പിക്കുകയും ചെയ്തു.
സ്ഥാപന ഉടമകള്‍, ഭരണഘടനാ തസ്തികയിലുള്ള കര്‍ഷക കുടുംബങ്ങള്‍, സേവനമനുഷ്ഠിക്കുന്ന അല്ലെങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥര്‍, സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, എന്നിവര്‍ പ്രധാനമന്ത്രികിസാനില്‍ നിന്ന് ഒഴിവാക്കപ്പെടും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്കും 10,000 രൂപയില്‍ കൂടുതല്‍ പ്രതിമാസ പെന്‍ഷനുള്ള വിരമിച്ച പെന്‍ഷന്‍കാര്‍ക്കും കഴിഞ്ഞ മൂല്യനിര്‍ണയ വര്‍ഷത്തില്‍ ആദായനികുതി അടച്ചവര്‍ക്കും ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല.