വിസ്‌ട്രോണ്‍ വൈസ് പ്രസിഡണ്ടിനെ പുറത്താക്കി, പിഴവ് തിരുത്തുന്നത് വരെ പുതിയ കരാറില്ലെന്ന് ആപ്പിള്‍

കര്‍ണാടകത്തിലെ ആപ്പിള്‍ ഐഫോണ്‍ പ്ലാന്റിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിറകേ വൈസ് പ്രസിഡണ്ടിനെ നീക്കി തായ്വാന്‍ കമ്പനിയായ വിസ്‌ട്രോണ്‍ കോര്‍പറേഷന്‍. കോലാറിലുളള ഐഫോണ്‍ ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന വിസ്‌ട്രോണ്‍ കമ്പനി കഴിഞ്ഞ ദിവസം തൊഴിലാളികള്‍ അടിച്ച് തകര്‍ത്തിരുന്നു. കമ്പനയുടെ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണ രംഗത്തിന്റെ ചുമതലയുളള വൈസ് പ്രസിഡണ്ടായ വിന്‍സെന്റ് ലീയെ ആണ് പുറത്താക്കിയത്. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിസ്‌ട്രോണിനെ നിരീക്ഷണത്തില്‍ നിര്‍ത്താനാണ് ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. പിഴവുകള്‍ പരിഹരിക്കുന്നത് വരെ വിസ്‌ട്രോണിന് പുതിയ കരാറുകള്‍ നല്‍കേണ്ടതില്ലെന്നും ആപ്പിള്‍ തീരുമാനിച്ചിരിക്കുകയാണ്.

ഡിസംബര്‍ 12നാണ് നരസപുരയിലുളള നിര്‍മ്മാണ ശാല ഒരു വിഭാഗം ജീവനക്കാര്‍ ആക്രമിച്ചത്. കമ്പനിയിലെ വാഹനങ്ങളും ഓഫീസ് ഉപകരണങ്ങളും യന്ത്രങ്ങളും അടക്കം നശിപ്പിക്കപ്പെട്ടു. ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ അക്രമാസക്തരായത്. 25 കോടി വരെയാണ് ജീവനക്കാരുടെ ആക്രമണത്തില്‍ കമ്പനിക്ക് നഷ്ടം വന്നത്. തുടര്‍ന്ന് ഈ നിര്‍മ്മാണ ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരിക്കുകയാണ്.
ശമ്പളം നല്‍കുന്നതില്‍ അടക്കം കമ്പനിയുടെ നടത്തിപ്പില്‍ വീഴ്ച വന്നതായി വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നരസപുരയിലെത് പുതിയ കമ്പനി ആണെന്നും തങ്ങള്‍ക്ക് തെറ്റ് സംഭവിച്ചെന്നും വ്യക്തമാക്കിയ കമ്പനി ശമ്പളം മുടങ്ങിയതിന് തൊഴിലാളികളോട് മാപ്പ് അഭ്യര്‍ത്ഥിച്ചു.