യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം യുകെയില്‍ വീണ്ടും ശക്തമായതിനെ തുടര്‍ന്ന് യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
ചൊവ്വാഴ്ച അര്‍ദ്ധരാക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.
ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ യുകെയിലേക്കുള്ള വിമാന ഗതാഗതത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.