ബിറ്റ്‌കോയിന് ഇടിവ്

തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ ആറ് ശതമാനം വരെ ഇടിഞ്ഞു. പുതിയ കൊറോണ വൈറസ് ആശങ്കകളാണ് ബിറ്റ്‌കോയിന്റെ ഇടിവിന് കാരണം. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ 5.5 ശതമാനം ഇടിഞ്ഞ് 22,156 ഡോളറിലെത്തി. യൂറോപ്യന്‍ ഓഹരികള്‍ 3 ശതമാനം ഇടിഞ്ഞു. ഡോളര്‍ ശക്തിപ്പെടുകയും വിപണിയിലെ ചാഞ്ചാട്ടം വര്‍ദ്ധിക്കുകയും ചെയ്തു.
ബിറ്റ്‌കോയിനുമായി ചേര്‍ന്ന് വ്യാപാരം നടത്തുന്ന ചെറിയ നാണയങ്ങളായ എഥെറിയം, എക്‌സ്ആര്‍പി എന്നിവയും ഇടിവ് രേഖപ്പെടുത്തു. എഥെറിയം 5.9 ശതമാനവും എക്‌സ്ആര്‍പി 9.2 ശതമാനവും കുറഞ്ഞു.
ബിറ്റ് കോയിന്‍ വില കഴിഞ്ഞ ആഴ്ച്ച ചരിത്രത്തില്‍ ആദ്യമായി 23000 കടന്നിരുന്നു. ഓഹരി വിപണികളും സ്വര്‍ണ നിക്ഷേപവും അനിശ്ചത്വത്തിലായിരിക്കെയാണ് ഡിജിറ്റല്‍ കറന്‍സിയിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടത്. ഈ വര്‍ഷം ബിറ്റ്‌കോയിന്‍ വില 220 ശതമാനം വരെ വര്‍ധിച്ചിരുന്നു. 10 വര്‍ഷം മുമ്പാണ് ബിറ്റ് കോയിന്‍ വിപണിയിലെത്തിയതെങ്കിലും അടുത്ത കാലത്താണ് കൂടുതല്‍ പേര്‍ ബിറ്റ്‌കോയിന്‍ നിക്ഷേപത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്.