പ്രതിസന്ധി കാലത്ത് ടെസ്‌ലയെ വില്‍ക്കാന്‍ ചെന്നപ്പോള്‍ ആപ്പിള്‍ മുഖംതിരിച്ചുവെന്ന് ഇലോണ്‍ മസ്‌ക്

ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് ടെസ്‌ലയെ വില്‍ക്കാന്‍ ആലോചിച്ചിരുന്നുവെന്ന് ഇലോണ്‍ മസ്‌ക്. അന്ന് ആപ്പിള്‍ മേധാവിയായ ടിം കുക്ക് മസ്‌കുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറായില്ല. വിപണിയില്‍ ആപ്പിള്‍ സ്വന്തം വൈദ്യുത കാര്‍ വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് പഴയ ഓര്‍മ്മ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. മോഡല്‍ 3 പ്രോഗ്രാമിന്റെ കാലത്താണ് ഇലോണ്‍ മസ്‌ക് ടിം കുക്കുമായി ബന്ധപ്പെടുന്നത്. 2017 കാലഘട്ടത്തിലായിരുന്നു ഈ സംഭവം. ഇക്കാലത്ത് ടെസ്‌ല കമ്പനി പാപ്പരത്വത്തിന്റെ വക്കോളം എത്തിയിരുന്നു. ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് മൂല്യം മാത്രമാണ് അന്ന് ടെസ്‌ലയ്ക്കുണ്ടായിരുന്നത്. അന്ന് ടിം കുക്ക് സമ്മതം മൂളിയിരുന്നെങ്കില്‍ 60 ബില്യണ്‍ ഡോളറിന് ടെസ്‌ലയെ ആപ്പിള്‍ വാങ്ങുമായിരുന്നു.
ആപ്പിള്‍ തങ്ങളുടെ കാറുകളില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ചില ഫീച്ചറുകള്‍ ടെസ്‌ല കാറുകളിലുണ്ടെന്നും മസ്‌ക് പറഞ്ഞു.

2014 മുതല്‍ക്കാണ് ആപ്പിള്‍ സ്വന്തം ഓട്ടോണമസ് കാറെന്ന ആശയത്തില്‍ മുറുക്കെപ്പിടിക്കുന്നത്. ടൈറ്റന്‍ എന്ന പുതിയ പദ്ധതി കമ്പനി ഇതിനായി ആവിഷ്‌കരിച്ചു. എന്നാല്‍ കാര്യമായ പുരോഗമനമുണ്ടായില്ല. തുടര്‍ന്ന് 2016 ല്‍ ടൈറ്റന്‍ പദ്ധതിയില്‍ നിന്നും 190 ജീവനക്കാരെ കമ്പനി വിട്ടയച്ചു. ഇതേസമയം, ഓട്ടോണമസ് കാറെന്ന സ്വപ്‌നത്തില്‍ നിന്നും ആപ്പിള്‍ പിന്മാറിയില്ല. 2018 മാര്‍ച്ച് പിന്നിട്ടപ്പോഴേക്കും ഏകദേശം 45 ഓട്ടോണമസ് കാറുകളെയാണ് കമ്പനി നിരത്തില്‍ പരീക്ഷണാര്‍ത്ഥം ഇറക്കിയത്. 2019 ന്റെ പകുതിയില്‍ ഓട്ടോണമസ് ഡ്രൈവിങ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ഡ്രൈവ് ഡോട്ട് എഐ എന്ന കമ്പനിയെ ആപ്പിള്‍ വാങ്ങി.
2024 ഓടെ സ്വന്തമായി വികസിപ്പിച്ച ബാറ്ററി ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. റിപ്പോര്‍ട്ടിന് പിന്നാലെ ആപ്പിള്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ 2.9 ശതമാനം കുതിക്കുന്നതിനും കമ്പോളം സാക്ഷിയായി. ഓട്ടോണമസ് കാര്‍ പൂര്‍ത്തിയാകുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണി മൂല്യം 59 ബില്യണ്‍ ഡോളറാണ് അധികം ഉയര്‍ന്നത്. ബിഎംഡബ്ല്യുവിന്റെ വിപണി മൂല്യത്തെക്കാളും കൂടുതലാണിത്. മറുഭാഗത്ത് ചൊവാഴ്ച്ച ടെസ്‌ലെ ഓഹരികള്‍ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.