ഷിപ്പിങ് കോര്‍പ്പറേഷനും വില്‍പ്പനയ്ക്ക്

രാജ്യത്തെ പൊതുമേഖല സ്ഥാപനമായ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എസ്.സി.ഐ.)യും വില്‍പ്പനക്ക്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചു.
കമ്പനിയില്‍ നിലവില്‍ സര്‍ക്കാരിന് 63.75 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂര്‍ണമായി വിറ്റഴിക്കാനാണ് തീരുമാനം.
1961ല്‍ ഈസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷനും വെസ്റ്റേണ്‍ ഷിപ്പിങ് കോര്‍പ്പറേഷനും ലയിപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയ കമ്പനി നവരത്‌ന വിഭാഗത്തിലാണുള്ളത്.
സ്വകാര്യവ്യക്തികള്‍ക്കും കമ്പനികള്‍ക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനും താത്പര്യപത്രം സമര്‍പ്പിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
സെബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകള്‍ക്കും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കമ്പനിയിലെ ജീവനക്കാര്‍ രൂപം നല്‍കുന്ന കണ്‍സോര്‍ഷ്യങ്ങള്‍ക്കും വില്‍പ്പനനടപടിയില്‍ പങ്കെടുക്കാം.
ലേലത്തുക സമര്‍പ്പിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കണ്‍സോര്‍ഷ്യങ്ങളാണെങ്കില്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് 1000 കോടി രൂപയുടെ ആസ്തിവേണം. പൊതുമേഖലാസംരംഭങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അനുമതിയില്ല.
ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയം . ഇമെയില്‍വഴി അപേക്ഷിക്കുന്നവര്‍ മാര്‍ച്ച് ഒന്നിനകം നേരിട്ട് ലേലരേഖകള്‍ സമര്‍പ്പിച്ചിരിക്കണം.
കേന്ദ്ര നിക്ഷേപപൊതു ആസ്തി കൈകാര്യ വകുപ്പാണ് താത്പര്യപത്രം ക്ഷണിച്ചത്.
ആഭ്യന്തരഅന്താരാഷ്ട്ര കപ്പല്‍സേവനങ്ങള്‍ നല്‍കുന്ന കമ്പനിക്ക് നിലവില്‍ എണ്‍പതോളം കപ്പലുകള്‍ സ്വന്തമായുണ്ട്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയായിരുന്നു.