ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ; കമ്മിറ്റിയില്‍ മലയാളി എബി കുരുവിളയും

ന്യൂഡല്‍ഹി: മുന്‍ താരം ചേതന്‍ ശര്‍മയെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മുന്‍ താരം മദന്‍ ലാല്‍ അധ്യക്ഷനായ ക്രിക്കറ്റ് ഉപേദശകസമിതിയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്. മലയാളിയായ മുന്‍ ഇന്ത്യന്‍ താരം എബി കുരുവിളയും സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. മുന്‍ താരം ദേബാശിഷ് മൊഹന്തിയാണ് കമ്മിറ്റിയിലെ മൂന്നാമത്തെ അംഗം. മൂവരും ഇന്ത്യയുടെ പേസ് ബൗളര്‍മാരായിരുന്നു.
നേരത്തെ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്ന സുനില്‍ ജോഷിക്ക് പകരമാണ് ചേതന്‍ ശര്‍മ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് വരുന്നത്. ആലപ്പുഴ സ്വദേശിയായ എബി കുരുവിള മുംബൈ ടീമിലൂടെയാണ് വളര്‍ന്നത്. 199798 കാലത്ത് ഇന്ത്യയ്ക്കുവേണ്ടി 10 ടെസ്റ്റും 25 ഏകദിനവും കളിച്ച താരമാണ്. ടെസ്റ്റിലും ഏകദിനത്തിലും 25 വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. 2008 മുതല്‍ 2012 വരെ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി അംഗമായിരുന്നു. 2012ല്‍ മുംബൈ ടീമിന്റെ മുഖ്യ സെലക്ടറായും കുരുവിള സേവനമനുഷ്ടിച്ചിട്ടുണ്ട്.