സൗദിയും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക്; പുതുതായി രജിസ്റ്റര്‍ ചെയ്തത് 36447 ഇഷോപ്പുകള്‍

സൗദിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 36447 ഇഷോപ്പുകള്‍. കാവിഡ് വൈറസിന്റെ വ്യാപനം സൗദിയിലെ ആയിരക്കണക്കിന് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളെ ഓണ്‍ലൈന്‍ വഴിയിലേക്ക് തിരിച്ചുവിട്ടത്. അതോടൊപ്പം ഡിജിറ്റല്‍ പെയ്‌മെന്റ് രീതികളിലേക്കും അവ മാറി. കൊവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രാജ്യത്ത് 36,447 ഇഷോപ്പുകളാണ് നിലവില്‍ വന്നതെന്ന് സൗദി വാണിജ്യമന്ത്രി മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 171 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് ഉണ്ടായത്.
ഭക്ഷണപാനീയ സ്ഥാപനങ്ങളില്‍ പലതും തങ്ങളുടെ ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടി ഹോംഡെലിവറി സംവിധാനത്തിലേക്കും ഡിജിറ്റല്‍ പെയ്‌മെന്റിലേക്കും തിരിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ പ്രതിസന്ധി മറികടക്കുന്നതിന് സ്വകാര്യ മേഖലയെ സഹായിക്കാന്‍ 218 ബില്യന്‍ സൗദി റിയാലാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. കമ്പോളത്തില്‍ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്താനും സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും സാധിച്ചു.
രാജ്യത്തെ ഭക്ഷ്യസാധനങ്ങളുടെ കരുതല്‍ ശേഖരത്തെ കൊവിഡ് വ്യാപനം എങ്ങനെ ബാധിക്കുമെന്നതായിരുന്നു പ്രധാനപ്പെട്ട ആശങ്കകളിലൊന്ന്. കാരണം രാജ്യത്തിനാവശ്യമായ ഭക്ഷ്യസാധനങ്ങളുടെ 75 ശതമാനവും മറ്റു രാജ്യങ്ങളില്‍ നിന്നുവരുന്നതാണ്. കൊവിഡ് കാരണം ആവശ്യത്തിന് സാധനങ്ങള്‍ കയറ്റി അയക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങള്‍ക്ക് കഴിയാതെ വന്നാല്‍ അത് വലിയ പ്രതിസന്ധിക്ക് ഇടവരുത്തുമായിരുന്നു. എന്നാല്‍ മറ്റു വഴികളിലൂടെ പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്ത് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ 3.7 ലക്ഷം പരിശോധനകള്‍ നടത്തുകയും 5000ത്തിലേറെ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.