ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില വര്‍ധിക്കുന്നു

മുംബൈ: ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വില വര്‍ധിക്കുന്നു. അസംസ്കൃത വസ്തുക്കളായ ചെമ്പ്‌, അലുമിനിയം, സ്റ്റീല്‍ എന്നിവയുടെ വില വര്‍ദ്ധനവ്, സമുദ്ര, വായു ചരക്ക് നിരക്കുകളുടെ വര്‍ദ്ധനവ് എന്നിവയുടെ ഫലമായി എല്‍ഇഡി ടിവിയുടെയും റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ജനുവരി മുതല്‍ 10 ശതമാനം വരെ ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍.

ടിവി പാനലുകളുടെ (ഓപ്പണ്‍സെല്‍) വില നിലവില്‍ ഇരട്ടിയായി ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതിനാല്‍ പ്ലാസ്റ്റിക്ക് വിലയും ഉയര്‍ന്നതായി നിര്‍മ്മാതാക്കള്‍ പറഞ്ഞു. എല്‍‌ജി, പാനസോണിക്, തോംസണ്‍ തുടങ്ങിയ നിര്‍മ്മാതാക്കള്‍ ജനുവരി മുതല്‍ വില വര്‍ധിപ്പിക്കും. സോണി ഇപ്പോഴും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയാണ്. വില വര്‍ദ്ധനവ് സംബന്ധിച്ച്‌ ഇനിയും തീരുമാനം എടുത്തിട്ടില്ല.

ചരക്കുകളുടെ വിലയിലുണ്ടായ വര്‍ധനവ് സമീപ ഭാവിയില്‍ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണ്ണയത്തെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജനുവരിയില്‍ തന്നെ വില 6-7 ശതമാനം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പാനസോണിക് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു. ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ വില 10-11 ശതമാനം വരെ ഉയരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ വീട്ടുപകരണ വിഭാഗത്തില്‍ ഉല്‍‌പ്പന്നങ്ങളിലുടനീളം കുറഞ്ഞത് 7 മുതല്‍ 8 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചു.