പഞ്ചാബിൽ കര്‍ഷക സമരം അക്രമാസക്തം; 1,338 ജിയോ ടവറുകൾ തകർത്തു

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോക്കെതിരായ കർഷകരുടെ ആക്രമണം തുടരുന്നത് വൻ രോഷത്തിന് ഇടയാക്കുന്നു. നിരവധി സ്ഥലങ്ങളിൽ ടവറുകളും ഫൈബർ കേബിളുകളും തകർത്തതിനാൽ ജിയോക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ടെലികോം കമ്പനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ നിർദ്ദേശം ഉണ്ടായിട്ടും 1,338 ജിയോ ടവറുകൾ തകർത്തുവെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്തെ ടെലികോം സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന് ഡിസംബർ 25 ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് കർഷകരോട് അഭ്യർഥിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങളെല്ലാം തള്ളി ആക്രമണം തുടരുകയാണ്. ഡല്‍ഹിയിലെ പ്രതിഷേധം പോലെ സംസ്ഥാനത്തും സമാധാനം നിലനിർത്തണമെന്ന് പഞ്ചാബ് സി‌എം‌ഒ ട്വീറ്റ് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശം വരുന്നത് വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ്. ഈ സമയം മൊത്തം 700 ജിയോ ടവറുകൾ തകർത്തിരുന്നു. എന്നാൽ, നിർദ്ദേശം നൽകിയിട്ടും ശനിയാഴ്ച വൈകുന്നേരത്തോടെ 1,235 ടവറുകളാണ് തകർത്തത്. എന്നാൽ, ഇതിൽ 400 ടവറുകൾ പിന്നീട് ശരിയാക്കി. ഞായറാഴ്ച രാവിലെ 8 വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 1,338 ജിയോ ടവറുകൾ തകർത്തുവെന്നാണ് വിവരം. .

ആക്രമണം ടെലികോം സേവനങ്ങളെ ബാധിച്ചുവെന്നും നിയമപാലകരുടെ സഹായമില്ലാതെ സേവനങ്ങൾ നിലനിർത്താൻ ഓപ്പറേറ്റർമാർ പാടുപെടുകയാണെന്നും ജിയോ ഉദ്യോഗസ്ഥർ പറഞ്ഞു.