പുതുവര്‍ഷത്തില്‍ വാഹനങ്ങള്‍ക്ക്​ വില വര്‍ധിക്കും

കൊച്ചി: ടാറ്റയുടെ യാത്രാവാഹനങ്ങള്‍ ഒഴികെ രാജ്യത്തെ മിക്ക വാഹനങ്ങള്‍ക്കും പുതുവര്‍ഷത്തില്‍ ചെറിയ രീതിയില്‍ വില വര്‍ധിക്കും. ഉല്‍പ്പാദന ചെവല്​ വര്‍ധിക്കുന്നതിന്‍റെ ഭാഗമായാണ്​ വിലവര്‍ധനവും ഉണ്ടാകുന്നതെന്ന്​​ വാഹന നിര്‍മാതാക്കള്‍ പറയുന്നു​. പല കമ്ബനികളും കഴിഞ്ഞമാസങ്ങളില്‍ തന്നെ വിലവര്‍ധിപ്പിച്ചിട്ടുണ്ട്​. ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്ന കമ്ബനികള്‍ ഏതെല്ലാമെന്ന്​ പരിശോധിക്കാം.

മാരുതി സുസുക്കി
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ എല്ലാ വാഹനങ്ങള്‍ക്കും വില വര്‍ധിക്കുമെന്ന്​ പ്രഖ്യാപിച്ചിട്ടുണ്ട്​. അതേസമയം, എത്ര രൂപ വര്‍ധിക്കുമെന്ന്​ കമ്ബനി വെളിപ്പെടുത്തിയിട്ടില്ല.

റെനോ
റെനോ ഇന്ത്യയും തങ്ങളുടെ മോഡലുകള്‍ക്ക്​ 28,000 രൂപ വരെ വര്‍ധിപ്പിക്കാന്‍ പോവുകയാണ്​. വില പരിഷ്കരണം ജനുവരി ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍ വരും. വേരിയന്‍റുകള്‍, മോഡലുകള്‍ എന്നിവയെ അടിസ്ഥാനമാക്കി വില വര്‍ധനവില്‍ വ്യത്യസമുണ്ടാകും.

ഹ്യുണ്ടായ്​ മോ​ട്ടോര്‍ ഇന്ത്യ
ഒക്ടോബറില്‍ തന്നെ ഹ്യുണ്ടായ് ഇന്ത്യ സാന്‍‌ട്രോ, ഗ്രാന്‍ഡ് ഐ 10 നിയോസ്, ഔറ, വെന്യു എന്നിവക്ക്​ 6000 രൂപ വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്​. മറ്റ് മോഡലുകളില്‍ നിലവില്‍ വിലവര്‍ധന പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റ മോ​ട്ടോഴ്​സ്​
വാണിജ്യ വാഹനങ്ങള്‍ക്ക്​ മാത്രമാണ്​ ടാറ്റ മോട്ടോഴ്‌സ്​ നിലവില്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചത്​. പാസഞ്ചര്‍ വാഹനങ്ങളുടെ വിലവര്‍ധനവ് സംബന്ധിച്ച്‌ കമ്ബനി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. കൂടാതെ വാണിജ്യ വാഹനങ്ങള്‍ക്ക്​ എത്ര രൂപയാണ്​ വര്‍ധിക്കുകയെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

മഹീന്ദ്ര
ആരാധകര്‍ ഏറെ കാത്തിരുന്ന ഥാര്‍ ഉള്‍പ്പെടെ മഹീന്ദ്രയുടെ എസ്‌.യു.വികള്‍ 2021 ജനുവരി മുതല്‍ ചെലവേറിയതായിരിക്കും. ജനുവരി മുതല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധനവ്​ വരും. എന്നാല്‍, എത്ര രൂപയാണ്​ വര്‍ധിക്കുകയെന്നത്​ അറിവായിട്ടില്ല.

ഫോര്‍ഡ്​ ഇന്ത്യ
ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് സബ് കോംപാക്റ്റ് എസ്‌.യു.വിയുടെ വില 1,500 രൂപ നേരത്തെ തന്നെ വര്‍ധിപ്പിച്ചിട്ടുണ്ട്​. പുതുക്കിയ വില 2020 ഒക്ടോബര്‍ ഒന്ന്​ മുതല്‍ പ്രാബല്യത്തില്‍ വന്നതായി കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

എം.ജി മോ​ട്ടോര്‍
എം‌.ജി മോട്ടോര്‍ 2021 ജനുവരി ഒന്ന്​ മുതല്‍ വാഹനങ്ങളുടെ വില മൂന്ന്​ ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചു. ഹെക്ടര്‍, ഗ്ലോസ്റ്റര്‍, എം‌.ജി ഇസെഡ് ഇ.വി തുടങ്ങിയ മോഡലുകളില്‍ വിലവര്‍ധനവ് ബാധകമാണ്​. ഹെക്ടര്‍ ഫേസ്​ലിഫ്റ്റ്, എം‌.ജി ഹെക്ടര്‍ പ്ലസ് സെവന്‍ സീറ്റര്‍ തുടങ്ങിയവ ജനുവരിയില്‍ കമ്ബനി അവതരിപ്പിക്കുമെന്നാണ്​ വിവരം.

ഇസുസു
ഇസുസു മോട്ടോഴ്സ് ഇന്ത്യ വാണിജ്യ വാഹനങ്ങളുടെ വില നിലവിലെ എക്സ്ഷോറൂം വിലയില്‍നിന്ന് 10,000 രൂപയാണ്​ വര്‍ധിപ്പിക്കുന്നത്​. ജനുവരി ഒന്ന്​ മുതല്‍ ഇത്​ പ്രാബല്യത്തില്‍ വരും. ഡി-മാക്സ് റെഗുലര്‍ ക്യാബിനും ഡി-മാക്സ് എസ്-ക്യാബിനും വിലവര്‍ധനവ് ബാധകമാകും.

ബി.എം.ഡബ്ല്യു
2021 ജനുവരി നാല്​ മുതലാണ്​ ജര്‍മന്‍ കമ്ബനിയുടെ വിലവര്‍ധനവ്​ വരുന്നത്​. ബി‌.എം‌.ഡബ്ല്യു മോഡലുകള്‍ക്ക്​ പുറമെ മിനി കൂപ്പര്‍ വേരിയന്‍റുകള്‍ക്കും വിലയില്‍ മാറ്റമുണ്ടാകും. രണ്ട് ശതമാനം വരെയാണ്​ വില വര്‍ധിക്കുക.

ഔഡി
2021 ജനുവരി ഒന്ന് മുതല്‍​ ഔഡി ഇന്ത്യയും രണ്ട് ശതമാനം വരെ വിലവര്‍ധനവ് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ലഭ്യമായ എല്ലാ മോഡലുകള്‍ക്കും വിലവര്‍ധനവ്​ ബാധകമാണ്​.