നാട്ടിലെ വായു വേണോ? വിപണിയില്‍ കിട്ടും, കുപ്പിക്ക് 2500 രൂപ


സ്വന്തം വീടിന്റെയും നാടിന്റേയും ഗന്ധവും വായുമെല്ലാം പലര്‍ക്കും ഗൃഹാതുരത ഉണര്‍ത്തുന്നതാണ്. ഇപ്പോള്‍ സ്വന്തം നാട്ടിലെ വായുവും മാര്‍ക്കറ്റില്‍ കിട്ടും. നാട്ടിലെ വായു കുപ്പിയിലാക്കി എത്തിക്കാന്‍ കമ്പനികളുണ്ട്. മനുഷ്യന്റെ വൈകാരികതയെ കച്ചവടമാക്കി മാറ്റിയിരിക്കുന്നത് ഇപ്പോള്‍ ‘മൈ ബാഗേജ്’ എന്ന ഇംഗ്ലണ്ടിലെ ഒരു കമ്പനിയാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന യുകെ പൗരന്മാര്‍ക്ക് വേണ്ടി ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുളള വായു ആണ് നിലവില്‍ കമ്പനി കുപ്പികളാക്കി എത്തിക്കുന്നത്. ഒരു ബോട്ടിലിന് 2500 രൂപയാണ് വില. ഓരോ 500 മില്ലി വായുവും ഒരു കോര്‍ക്ക് സ്‌റ്റോപ്പര്‍ ഉപയോഗിച്ച് അടച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉപയോഗിക്കുന്നവര്‍ക്ക് കുപ്പി തുറന്ന് ഒരു ശ്വാസം എടുത്തതിന് ശേഷം അടച്ച് വെക്കാം. ഇത്തരത്തില്‍ ആഴ്ചകളോ മാസങ്ങളോ വരെ ഉപയോഗിക്കാം എന്നാണ് കമ്പനി പറയുന്നത്. ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് വായു, നോര്‍ഫോക്കിലെ മത്സ്യത്തിന്റെ, ചിപ്‌സിന്റെ മണം ഒക്കെയാണ് കമ്പനി കുപ്പിയില്‍ നിറച്ച് എത്തിക്കുന്നത്. ഇതില്‍ തന്നെ ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് വായുവിനാണ് ആവശ്യക്കാര്‍ കൂടുതലെന്ന് കമ്പനി പറയുന്നു.