കൊവിഡ്; സിക്കിം ടൂറിസത്തിന് 600 കോടിയുടെ നഷ്ടം

കൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്ന് സിക്കിം ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. സംസ്ഥാനത്തെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ടൂറിസം. ഹിമാലയന്‍ താഴ്വവരയുടെ ദൃശ്യ ഭംഗി ആസ്വാദിക്കാനാണ് സിക്കിമില്‍ വിനോദ സഞ്ചാരികള്‍ എത്തുന്നത്. എന്നാല്‍ കൊവിഡ് വ്യാപിച്ചതോടെ ടൂറിസം രംഗം നിശ്ചലമായി.
സംസ്ഥാനത്തെ ടൂറിസം രംഗത്തിന് 600 കോടിയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് സിക്കിം ടൂറിസം ഡെവപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലുകേന്ദ്ര സൈലി അറിയിച്ചു. ഇതോടെ സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് മാസത്തിന്റെ അവസാന വാരത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി അടച്ചിട്ടിരുന്നു. ഇതുവരെ അതിര്‍ത്തികള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല.