ബജാജ് ഒരു ട്രില്യണ്‍ രൂപ ക്ലബ്ബില്‍, രാജ്യത്തെ നാലാമത്തെ വാഹന കമ്പനി

ബജാജ് ഓട്ടോ ലിമിറ്റഡ് ഒരു ട്രില്യണ്‍ വിപണി മൂലധന ക്ലബ്ബില്‍ എത്തി. രാജ്യത്ത് ഒരു ട്രില്യണ്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ക്ലബ്ബില്‍ എത്തുന്ന നാലാമത്തെ വാഹന കമ്പനിയാണിത്.
മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് മറ്റ് വഹാന കമ്പനികള്‍.
ഓഹരി മൂല്യത്തിലുണ്ടായ കുതിച്ചുകയറ്റമാണ് ബജാജ് ഓട്ടോ ലിമിറ്റഡിന് നേട്ടമായത്. ബജാജ് ഓട്ടോയുടെ ഓഹരി വില 3,459 രൂപ വരെ ആയി ഉയര്‍ന്നു. ബജാജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഓഹരി വിലയാണിത്. ഇതോടെയാണ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 1.01 ട്രില്യണ്‍ ആയത്.
കൊവിഡ് പ്രശ്‌നങ്ങള്‍ മൊത്തത്തില്‍ വാഹന വിപണിയെ ബാധിച്ചിട്ടുണ്ടെങ്കിലും ബജാജിനെ അത്രബാധിച്ചിട്ടില്ല. കയറ്റുമതി മേഖലയിലും കമ്പനിക്ക് നേട്ടമാണ്.
ഇതിനിടെ മഹാരാഷ്ട്രയില്‍ പുതിയ മോര്‍ട്ടോര്‍ സൈക്കിള്‍ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ സര്‍ക്കാരുമായി ബജാജ് കരാറില്‍ ഒപ്പിടുകയും ചെയ്തു. 650 കോടി രൂപയുടെ നിര്‍മാണ പ്ലാന്റ് ആണ് ഒരുക്കുന്നത്. ഒരു വര്‍ഷം പത്ത് ലക്ഷം മോട്ടോര്‍ സൈക്കിളുകളാണ് ഇവിടെ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്.
പ്രീമിയം മോട്ടോര്‍ സൈക്കിളുകളായിരിക്കും ഈ പ്ലാന്റില്‍ നിര്‍മിക്കുക. കെടിഎം, ഹസ്‌ക്വര്‍ണ, ട്രയംഫ് തുടങ്ങിയ പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ഇവിടെ നിര്‍മിക്കുക. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഈ പ്ലാന്റ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.