സൂര്യോദയ് ബാങ്കിന്റെ ഐപിഒ ഉടന്‍

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) ഉടന്‍ ഇറങ്ങും. ഇതിന് സെബിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു. പുതിയതായി 1.15 കോടി ഓഹരികളാണ് ഐപിഒില്‍ ലഭ്യമാക്കുക.
കഴിഞ്ഞ ഒക്ടോബറില്‍ ആണ് ബാങ്ക് ഐപിഒ അനുമതിയ്ക്കായി സെബിയെ സമീപിച്ചത്. ഡിസംബര്‍ 23 ന് ആണ് ഇത് സംബന്ധിച്ച അനുമതി ലഭ്യമായത്. ഐപിഒ വഴി ലഭിക്കുന്ന അറ്റാദായം ടയര്‍1 മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനായിരിക്കും സൂര്യോദയ് ബാങ്ക് ഉപയോഗിക്കുക. സൂര്യോദയ് ബാങ്കിന് നിലവില്‍ ഇരുപതില്‍ അധികം ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരാണ് ഉള്ളത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരും, ഡെവലപ്‌മെന്റ് ഫണ്ടുകളും സ്വകാര്യ ഓഹരി നിക്ഷേപകരും എല്ലാം അടങ്ങിയതാണിത്. 2020 മാര്‍ച്ചിലെ കണക്ക് പ്രകാരം സൂര്യോദയ് ബാങ്കിന്റെ മൊത്തം ആസ്തി ഏതാണ്ട് ആയിരം കോടി രൂപയ്ക്ക് മുകളില്‍ ആണ്. 2,800 കോടി രൂപയുടെ നിക്ഷേപക അടിത്തറയും ബാങ്കിന് ഉണ്ട്. മൊത്തം ലോണ്‍ പോര്‍ട്ട് ഫോളിയോ 3,700 കോടി രൂപയാണ്. 2017 ജനുവരി 23 ന് ആണ് സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏക സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കൂടിയാണ് സൂര്യോദയ് ബാങ്ക്. മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും.