2020ല്‍ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയത് മലയാളത്തില്‍ മൂന്നു താരങ്ങള്‍


മലയാളി സിനിമയിലെ മൂന്നു താരങ്ങളാണ് 2020ല്‍ മഹീന്ദ്ര ഥാര്‍ സ്വന്തമാക്കിയത്. ഇന്ദ്രജിത്ത്, അനുസിത്താര, സുരേഷ് ഗോപിയുടെ മകനും അഭിനേതാവുമായ ഗോകുല്‍ സുരേഷ് എന്നിവരാണ് ഥാര്‍ സ്വന്തമാക്കിയത്.


അച്ഛന്‍ ടൊയോട്ട വെല്‍ഫെയര്‍ വാങ്ങിയപ്പോള്‍ ഗോകുല്‍ സുരേഷ് സ്വന്തമാക്കിയത് മഹീന്ദ്ര ഥാര്‍ എസ്യുവിയാണ്. തിരുവനന്തപുരത്തെ മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ നിന്നും ഗോകുല്‍ സുരേഷ് കറുപ്പ് നിറത്തിലുള്ള ഥാര്‍ ഏറ്റുവാങ്ങിയത്. എസ്എസ് മഹീന്ദ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ തനിക്കുള്ള അച്ഛന്റെ സമ്മാനമാണ് പുത്തന്‍ ഥാര്‍ എന്ന് ഗോകുല്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ പണ്ടേ ഥാറിന്റെ ഫാന്‍ ആണെന്നും കൊളേജില്‍ പഠിക്കുന്ന കാലത് തന്നെ ഥാര്‍ വാങ്ങണം എന്ന് അച്ഛനോട് ആവശ്യം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അച്ഛന്‍ വാങ്ങി നല്‍കിയില്ല. ഇപ്പോള്‍ പുതിയ ഥാര്‍ സമ്മാനമായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഗോകുല്‍ പറയുന്നുണ്ട്.


സഹോദരനും നടനുമായ പൃഥ്വിരാജ് ‘ഫീല്‍ ഗുഡ്’ കണക്കില്‍ പുത്തന്‍ ഥാര്‍ അടിപൊളിയാണ് എന്ന് ട്വീറ്റ് ചെയ്തു രംഗത്തെത്തിയെങ്കിലും താര കുടുംബത്തില്‍ ആദ്യം ഥാര്‍ സ്വന്തമാക്കിയത് ഇന്ദ്രജിത്ത് ആണ്. ഭാര്യ നടിയും, ഫാഷന്‍ ഡിസൈനറുമായ പൂര്‍ണിമയോടൊപ്പമാണ് ഇന്ദ്രജിത്ത് കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും കറുപ്പ് നിറത്തിലുള്ള പുത്തന്‍ ഥാര്‍ വാങ്ങിയത്. വോള്‍വോയുടെ XC90, ബിഎംഡബ്‌ള്യു 5 സീരീസ്, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോബ് എന്നിവയാണ് ഇന്ദ്രജിത്തിന്റെ മറ്റുള്ള വാഹനങ്ങള്‍.
ചലച്ചിത്ര താരം അനു സിത്താര മഹീന്ദ്ര താര്‍ സ്വന്തമാക്കി. അനു സിത്താരയും ഭര്‍ത്താവും ഫാഷന്‍ ഫോട്ടോഗ്രാഫറുമായി വിഷ്ണുവുമാണ് ഇക്കാര്യം അറിയിച്ചത്.

മമ്മൂട്ടി കുടുംബത്തിലേക്ക് 3.5 കോടിയുടെ റേഞ്ച് റോവര്‍

369 രജിസ്‌ട്രേഷന്‍ നമ്പരുകളുള്ള വാഹന ഗാരേജിലേക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്യുവി എത്തിയത്. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി മോഡല്‍ ആണ് വാങ്ങിയത്. ടാന്‍ നിറത്തിലുള്ള ഇന്റീയര്‍, ഹീറ്റഡ് & കൂള്‍ഡ് മസാജ് മുന്‍ സീറ്റുകള്‍, എക്‌സ്‌ക്യൂട്ടീവ് പിന്‍ സീറ്റുകള്‍ എന്നിവ ഇന്റീരിയറിലും 22 ഇഞ്ച് 9 സ്പ്ലിറ്റ് സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എക്സ്റ്റീരിയറിലും അധികമായി ചേര്‍ത്തിട്ടുണ്ട്. കസ്റ്റമൈസേഷനുകള്‍ അടക്കം ഏകദേശം 3.5 കോടി രൂപയിലധികം പുത്തന്‍ താരത്തിനായി പൊടിച്ചിട്ടുണ്ടത്രെ.

മോഹന്‍ലാലിനും ഫഹദിനുംToyota Vellfire

ടൊയോട്ട ഫെബ്രുവരിയിലാണ് അത്യാഢംബര വാന്‍ വെല്‍ഫയര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. മാര്‍ച്ച് ആദ്യ വാരം തന്നെ കേരളത്തിലെ ആദ്യത്തെ വെല്‍ഫയര്‍ ഉടമയായി സാക്ഷാല്‍ മോഹന്‍ലാല്‍. മലയാളത്തിന്റെ മഹാനടന്റെ മറ്റെല്ലാ വാഹനങ്ങളെപോലെ തന്നെ തൂവെള്ള നിറത്തിലുള്ള ടൊയോട്ട വെല്‍ഫയര്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത്. നിര്‍മാതാവും മോഹല്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂരും ടൊയോട്ട വെല്‍ഫയര്‍ ഏറ്റുവാങ്ങുമ്പോള്‍ താരത്തോടൊപ്പം ഉണ്ടായിരുന്നു. 79.5 ലക്ഷം രൂപയാണ് ടൊയോട്ട വെല്‍ഫയറിന്റെ എക്സ്-ഷോറൂം വില. KL.07.CU.2020 എന്ന ഫാന്‍സി നമ്പറും തന്റെ വാഹനത്തിനായി മോഹന്‍ലാല്‍ ഒപ്പിച്ചു. അധികം താമസമില്ലാതെ മുന്‍ ബമ്പറില്‍ ക്രോം ഗാര്‍ണിഷ് ചേര്‍ത്ത് വെല്‍ഫെയറിനെ കൂടുതല്‍ മോഡി പിടിപ്പിച്ചിട്ടുണ്ട് മോഹന്‍ലാല്‍.

ടൊയോട്ടയുടെ ആഡംബര എസ്യുവി ആയ വെല്‍ഫെയര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും.

ഏതാണ്ട് 83.99 ലക്ഷം രൂപയോളമാണ് വെല്‍ഫെയറിന്റെ കേരളത്തിലെ എക്‌സ്ഷോറൂം വില. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹസത്കാരത്തിന് ഫഹദും നസ്രിയയും എത്തിയതും ഈ പുതിയ ടൊയോട്ട വെല്‍ഫയറില്‍ ആയിരുന്നു. മലയാളസിനിമ താരങ്ങക്കിടയില്‍ ഏറെ ആരാധകരുള്ള വാഹനങ്ങളില്‍ ഒന്നു കൂടിയാണ് വെല്‍ഫെയര്‍. ഏതാനും മാസങ്ങള്‍ക്കു മുന്‍ഷ് പുതിയ പോര്‍ഷെ കരേരയും ഫഹദ്- നസ്രിയ താരദമ്പതികള്‍ സ്വന്തമാക്കിയിരുന്നു. പോര്‍ഷെയുടെ സൂപ്പര്‍ സ്‌റ്റൈലിഷ് കാര്‍ 911 കരേര എസ് ആണ് ഫഹദും നസ്രിയയും സ്വന്തമാക്കിയത്.

രമേഷ് പിഷാരടി – ബിഎംഡബ്‌ള്യു 5 സീരീസ്

മിമിക്രി കലാകാരന്‍, അവതാരകന്‍, നടന്‍, സംവിധായകന്‍ എന്നിങ്ങനെ ബഹുമുഖപതിഭയാണ് രമേശ് പിഷാരടി. ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടികളും, കുറിക്ക് കൊള്ളുന്ന മറുചോദ്യങ്ങളുമായി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന രമേഷ് പിഷാരടി ഈ വര്‍ഷം ബിഎംഡബ്‌ള്യു 5 സീരീസ് വാങ്ങി. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ ലഭ്യമായ പ്രീ-ഔണ്‍ഡ് കാര്‍ പ്രോഗ്രാം വഴിയാണ് പിഷാരടി കറുപ്പ് നിറത്തിലുള്ള 5 സീരീസ് വാങ്ങിയത് എന്നാണ് റിപോര്‍ട്ടുകള്‍. രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എഞ്ചിനിലുമായി നാല് വേരിയന്റുകളിലാണ് 5 സീരീസ് വിപണിയിലുള്ളത്. ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ബിഎംഡബ്‌ള്യു 5 സീരിസിന്റെ എക്സ്-ഷോറും വില ആരംഭിക്കുന്നത്.

ജയസൂര്യയ്ക്ക് മിനി ക്ലബ്മാന്‍
ഓഗസ്റ്റ് 31-ന് തിരുവോണ ദിവസം ആണ് നടന്‍ ജയസൂര്യ തന്റെ വാഹന ശേഖരത്തിലേക്ക് മിനി ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ ചേര്‍ത്തത്. ഇന്ത്യയില്‍ 15 യൂണിറ്റുകള്‍ മാത്രം വില്പനയ്ക്കായി തയ്യാറാക്കിയ സ്‌പെഷ്യല്‍ എഡിഷന്‍ മോഡല്‍ ആണ് തന്റെ ജന്മദിനം കൂടിയായ ഓഗസ്റ്റ് 31-ന് താരം വാങ്ങിയത്. 44.9 ലക്ഷം ആണ് ക്ലബ്മാന്‍ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്റെ ലോവര്‍ സ്‌പെക് പതിപ്പിന്റെ വില. അതെ സമയം ജയസുര്യ സ്വന്തമാക്കിയത് 67 ലക്ഷം രൂപ ഓണ്‍റോഡ് വില വരുന്ന ടോപ്-സ്‌പെക് മോഡല്‍ ആണ്. ഈ പതിപ്പ് സ്വന്തമാക്കുന്ന കേരളത്തിലെ ആദ്യ വ്യക്തിയാണ് ജയസൂര്യ.

കുഞ്ചാക്കോയ്ക്ക് മിനി കൂപ്പര്‍
ജൂലായിലാണ് കുഞ്ചാക്കോ ബോബന്‍ മിനി കൂപ്പര്‍ എസ് 60 യിയേര്‍സ് എഡിഷന്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ മിനി കൂപ്പര്‍ എസ് 60 യിയേര്‍സ് എഡിഷന്‍ ആകെ 500 യൂണിറ്റുകള്‍ മാത്രമേ നിര്‍മിച്ചിട്ടുള്ളു. അതില്‍ തന്നെ ബഹുഭൂരിപക്ഷവും യുകെ മാര്‍ക്കറ്റിലാണ്. ചുരുക്കം ചില യൂണിറ്റുകള്‍ മാത്രമേ മറ്റുള്ള വിപണിയിലെത്തിയിട്ടുള്ളു. അതിലൊന്നാണ് ചാക്കോച്ചന്റെ പുത്തന്‍ മിനി. പേര് സൂചിപ്പിക്കും പോലെ മിനി ബ്രാന്‍ഡിന്റെ 60 വര്‍ഷം ആഘോഷിക്കാന്‍ പുറത്തിറക്കിയതാണ് മിനി കൂപ്പര്‍ എസ് 60 യിയേര്‍സ് എഡിഷന്‍. ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ IV എന്ന പ്രത്യേകം തയ്യാറാക്കിയ പെയിന്റ് ആണ് കൂപ്പര്‍ എസ് 60 യിയേര്‍സ് എഡിഷന്റെ പ്രധാന ആകര്‍ഷണം. 40 ലക്ഷം രൂപയാണ് ചാക്കോച്ചന്റെ പുത്തന്‍ കാറിന്റെ എക്സ്-ഷോറൂം വില.