17 ദിവസത്തില്‍ 15000 ബുക്കിങ്: താരമായി നിസാന്‍ മാഗ്‌നൈറ്റ്

ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്റെ പുത്തന്‍ സബ് കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ മാഗ്‌നൈറ്റിന്റെ വില്‍പ്പനയില്‍ കുതിപ്പ്. 17 ദിവസത്തിനുള്ളില്‍ 15000 ബുക്കിങ്ങാണ് വന്നിരിക്കുന്നത്. അടിസ്ഥാന മോഡലിന് 4.99 ലക്ഷം രൂപ വിലയിലാണ് നിസ്സാന്‍ മാഗ്നൈറ്റ് ഇറക്കിയത്.
ആവശ്യക്കാരേറിയതോടെ ‘മാഗ്‌നൈറ്റി’ന്റെ അടിസ്ഥാന വകഭേദമായ ‘എക്‌സ് ഇ’ സ്വന്തമാക്കാന്‍ 32 ആഴ്ചയോളം കാത്തിരിക്കേണ്ട സ്ഥിതിയാണ്. എസ് യു വിയുടെ മുന്തിയ വകഭേദമായ ‘ടര്‍ബോ എക്‌സ് വി പ്രീമിയം (ഒ)’ ലഭിക്കാനുള്ള കാത്തിരിപ്പ് 28 ആഴ്ചയോളമാണത്രെ. ‘ടര്‍ബോ എക്‌സ് വി’, ‘ടര്‍ബോ എക്‌സ് എല്‍’ എന്നിവ ലഭിക്കാനും 24 മുതല്‍ 26 ആഴ്ചത്തെ വരെ കാത്തിരിപ്പുണ്ട്. ബുക്കിങ് വര്‍ധിച്ച സാഹചര്യത്തില്‍ ‘മാഗ്‌നൈറ്റ്’ ഉല്‍പ്പാദനം ഉയര്‍ത്താനും നിസ്സാന്‍ തയാറെടുക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ പുതുമുഖമായ കിയ ‘സൊണെറ്റി’നു പുറമെ മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’, ഹ്യുണ്ടേയ് ‘വെന്യു’, ടാറ്റ ‘നെക്‌സന്‍’, മഹീന്ദ്ര ‘എക്‌സ് യു വി 300’ തുടങ്ങിവരോടാണു ‘മാഗ്‌നൈറ്റി’ ന്റെ പോരാട്ടം.
‘മാഗ്‌നൈറ്റി’ലെ അടിസ്ഥാന എന്‍ജിന്‍ ഒരു ലീറ്റര്‍, മൂന്നു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ്; 6,250 ആര്‍ പി എമ്മില്‍ 72 പി എസ് കരുത്തും 3,500 ആര്‍ പി എമ്മില്‍ 96 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.
നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന് 18.75 കിലോമീറ്ററും ടര്‍ബോ പെട്രോള്‍ എന്‍ജിന് 20(മാനുവല്‍ ട്രാന്‍സ്മിഷന്‍)/17.7(സി വി ടി) കിലോമീറ്ററുമാണ് എ ആര്‍ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.