സ്റ്റാര്‍ട്ട്അപ് നിക്ഷേപം വര്‍ധിപ്പിക്കാന്‍ സീഡിംഗ് കേരള ഉച്ചകോടി ഫെബ്രുവരി 12,13 തിയതികളില്‍

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന സീഡിംഗ് കേരള സമ്മേളനത്തിന്‍റെ ആറാം ലക്കം ഫെബ്രുവരി 12,13 തിയതികളില്‍ നടക്കും. വെര്‍ച്വലായാണ് സീഡിംഗ് കേരള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
സീഡിംഗ് കേരള വഴി തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും അതു വഴി നിക്ഷേപം ആകര്‍ഷിക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി  https://seedingkerala.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. 
മികച്ച ആശയങ്ങളും മാതൃകകളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപണിയിലേക്കിറങ്ങുന്നതിനു വേണ്ടി ശൈശവദശയില്‍ ലഭിക്കുന്ന നിക്ഷേപങ്ങളെയാണ്  എയ്ഞ്ചല്‍ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്.  നിക്ഷേപകരും സംരംഭകരും തമ്മിലുള്ള കൂടിക്കാഴ്ചകള്‍, സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ അവതരണം, വിവിധ വാണിജ്യ മാതൃകകളുടെ വിശകലനം തുടങ്ങിയവ സീഡിംഗ് കേരളയുടെ ഭാഗമായുണ്ട്.
മേല്‍ത്തട്ട് നഗരങ്ങളിലൊഴികെ മധ്യവര്‍ഗ-ചെറുകിട നഗരങ്ങളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വമ്പിച്ച അവസരവുമായി മുന്നോട്ടു വരികയാണ്. ഇത്തരം സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് സ്റ്റാര്‍ട്ടപ്പ് ഭാരത് എന്ന ആശയത്തിന് സീഡിംഗ് കേരള ഏറെ ഊര്‍ജ്ജം പകരും. 
കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 150 പേര്‍ക്കാണ് പങ്കെടുക്കാനവസരം. 100 നിക്ഷേപ ശേഷിയുള്ളവരും(എച്എന്‍ഐ)  20 മികച്ച നിക്ഷേപക ഫണ്ടുകളും 14 എയ്ഞജല്‍ നെറ്റ്വര്‍ക്കുകള്‍, 30 തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, 30 കോര്‍പറേറ്റുകള്‍ തുടങ്ങിയവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പ്രാരംഭമായി ലഭ്യമാക്കുന്ന എയ്ഞ്ചല്‍ നിക്ഷേപങ്ങള്‍ക്കാണ് സീഡിംഗ് കേരള പ്രാധാന്യം നല്‍കുന്നത്.
ദേശീയ തലത്തില്‍ നടത്തിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി പ്രത്യേക സജ്ജമാക്കിയ ‘ഇന്‍വസ്റ്റര്‍ കഫെ’യില്‍ സംവദിക്കാനവസരമൊരുക്കും.
പ്രവാസി നിക്ഷേപകര്‍ക്കായി പ്രത്യേക സെഷനും സീഡിംഗ് കേരളയിലുണ്ടാകും. എയ്ഞ്ജല്‍ ഇന്‍വസ്റ്റിംഗ് മാസ്റ്റര്‍ ക്ലാസ്, ലീഡ് എയ്ഞ്ജല്‍ മാസ്റ്റര്‍ ക്ലാസ്, സ്റ്റാര്‍ട്ടപ്പ് പിച്ചുകള്‍, ഐപിഒ റൗണ്ട് ടേബിള്‍, എന്നീ പരിപാടികളാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയില്‍ പ്രധാനമായും നടക്കുന്നത്.