കരകയറാതെ വ്യാവസായിക ഉത്പാദന മേഖല

ഇന്ത്യയില്‍ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ മേഖലയില്‍ വീണ്ടും ഇടിവ്. എട്ട് കോര്‍ നിര്‍മാണ സെക്ടറുകളില്‍ ഉല്‍പ്പാദനവും വിതരണവും 2.6 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. പ്രകൃതി വാതകത്തിന്റെയും റിഫൈനറി ഉല്‍പ്പന്നങ്ങളുടെയും സ്റ്റീല്‍ സിമന്റ് എന്നിവയുടെ ഉല്‍പ്പാദനം ഇടിഞ്ഞു.
2019 നവംബറില്‍ 0.7 ശതമാനത്തിന്റെ വളര്‍ച്ച ഈ എട്ട് കോര്‍ സെക്ടറുകള്‍ കൈവരിച്ചിരുന്നു. ഇവിടെ നിന്നാണ് ഒരു വര്‍ഷം കൊണ്ട് തകര്‍ച്ചയിലേക്ക് വീണിരിക്കുന്നത്. കല്‍ക്കരി, വളം, വൈദ്യുതി എന്നിവ ഭേദപ്പെട്ട വളര്‍ച്ച നേടിയിട്ടുണ്ട്. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ സിമന്റ് എന്നിവയെല്ലാം നെഗറ്റീവ് വളര്‍ച്ചയാണ് 2020ല്‍ രേഖപ്പെടുത്തിയത്. ഈ വര്‍ഷം കാര്യമായിട്ടുള്ള നേട്ടമൊന്നും ഈ മേഖലയിലില്ല. ഏപ്രില്‍-നവംബര്‍ കാലയളവില്‍ ഈ മേഖലയില്‍ ഔട്ട്പുട്ട് 11.4 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ തവണ ഇതേ കാലയളവില്‍ 0.3 ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നു. ക്രൂഡ് ഓയില്‍ 4.9 ശതമാനം ഉല്‍പ്പാദനം ഇടിഞ്ഞു. പ്രകൃതി വാതകം 9.3, റിഫൈനറി ഉല്‍പ്പനങ്ങള്‍ 4.8 ശതമാനം, സ്റ്റീല്‍ 4.4, സിമന്റ് 7.1 ശതമാനം എന്നിങ്ങനെയാണ് നവംബറില്‍ ഇടിഞ്ഞത്.