കര്‍ണാടകത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുമതി

പത്തോ അതില്‍ക്കൂടുതലോ ജീവനക്കാരുളള കടകള്‍ക്കും ഇതര വ്യാപാരസ്ഥാപനങ്ങള്‍ക്കും വര്‍ഷം മുഴുവന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍.
തൊഴിലവസരങ്ങള്‍ ഉയര്‍ത്തുക, സംസ്ഥാനത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ഒരു ജീവനക്കാരനേയും ദിവസം പത്തുമണിക്കൂറില്‍ കൂടുതല്‍ ജോലിചെയ്യിപ്പിക്കരുതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
എല്ലാ ജീവനക്കാര്‍ക്കും ആഴ്ചയില്‍ ഒരു ദിവസം അവധി നല്‍കണം. ദിവസത്തില്‍ എട്ടുമണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവര്‍ക്ക് ഓവര്‍ ടൈം അലവന്‍സ് നല്‍കണം.
സാധാരണ സാഹചര്യങ്ങളില്‍ സ്ത്രീ ജീവനക്കാരെ രാത്രി എട്ടുമണിക്ക് ശേഷം ജോലി ചെയ്യിപ്പിക്കരുത്. അത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ രാത്രി സമയത്ത് ജോലി ചെയ്യാന്‍ തയ്യാറാണെന്നുളള വനിതാ ജീവനക്കാരിയുടെ സമ്മത പത്രം എഴുതി വാങ്ങണം. ഒപ്പം അവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുകയും വേണം.

തൊഴിലിടങ്ങളുമായി ബന്ധപ്പെട്ട ഈ പുതിയ വ്യവസ്ഥകള്‍ അടുത്ത മൂന്നുവര്‍ഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.