ഡിസംബറില്‍ തിളങ്ങി കാര്‍ വിപണി; മാരുതി കുതിച്ചു, പിന്നാലെ ഹ്യൂണ്ടായും ടാറ്റയും

ഡിസംബറിലും കാര്‍ വില്‍പ്പനയില്‍ മികച്ച നേട്ടം. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2019 ഡിസംബറിലെക്കാള്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ലഭിച്ചത്. ആകെ 1.60 ലക്ഷം കാറുകളാണ് ഡിസംബറില്‍ വിറ്റത്. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ആകെ 4.95 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കി. 13.4 ശതമാനമാണ് വള
ര്‍ച്ച. കയറ്റുമതി മുന്‍വര്‍ഷത്തെ 7,561 എണ്ണത്തില്‍ നിന്ന് 31.4 ശതമാനം വര്‍ധനയോടെ 9,938 എണ്ണമായതായും കമ്പനി അറിയിച്ചു.

രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഡിസംബറില്‍ 33.14 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 50,135 യൂണിറ്റുകളില്‍നിന്ന് 66,750 എണ്ണമായാണ് വില്‍പ്പന ഉയര്‍ന്നത്.
ടാറ്റ മോട്ടോഴ്‌സ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി യാത്രാവാഹന വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു.
മഹീന്ദ്രയുടെ വില്‍പ്പനയില്‍ 10.3 ശതമാനം ഇടിവാണുണ്ടായത്.

കിയ മോട്ടോഴ്‌സ് 154 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു മോഡലുകളിലായി 11,818 വാഹനങ്ങളാണ് കിയ വിറ്റഴിച്ചത്.

ഹോണ്ട കാര്‍സ് ഇന്ത്യ 2.68 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. 8,638 കാറുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്.
മുന്‍വര്‍ഷമിത് 8412 എണ്ണമായിരുന്നു. 14 ശതമാനം നേട്ടവുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ 7,487 യൂണിറ്റുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷമിത് 6,544 എണ്ണമായിരുന്നു. 4,010 യൂണിറ്റുകളുമായി എം.ജി. മോട്ടോഴ്‌സ് 33 ശതമാനം വില്‍പ്പന വളര്‍ച്ച നേടി.