അലീബാബ സ്ഥാപകൻ ജാക്ക് മായെ കാണ്മാനില്ല

ബീജിംഗ്: കോടീശ്വരനും അലീബാബ സ്ഥാപകനുമായ ജാക്ക് മായെ കാണ്മാനില്ല. രണ്ട് മാസത്തോളമായിഅദ്ദേഹം പൊതു വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ട് എന്നാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെന്‍ട്രല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പൊതുമധ്യത്തില്‍ നിന്നും അപ്രത്യക്ഷനായതെന്നാണ് റിപ്പോര്‍ട്ടുകള്‍.ജാക്ക് മാ വിധികര്‍ത്താവായെത്തുന്ന ‘ആഫ്രിക്കാസ് ബിസിനെസ്സ് ഹീറോസ്’ എന്ന പരിപാടിയിലും അദ്ദേഹം കുറച്ച് നാളുകളായി പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പരിപാടിയുടെ വെബ്‌പേജില്‍ നിന്നും അദ്ദേഹത്തിന്റെ പേരും ചിത്രവും നീക്കം ചെയ്‌തെന്ന് ടെലഗ്രാഫ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ബിസിനസ്സ് കോണ്‍ഫെറന്‍സിനിടയിലാണ് അദ്ദേഹം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ വിവാദ പരാമര്‍ശം നടത്തുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന വ്യാപാര നിയന്ത്രണ കൗണ്‍സില്‍ ശിലായുഗത്തിന് തുല്ല്യമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. അതില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമെ പുതു തലമുറയ്ക്കായി പുതിയ സംവിധാനങ്ങള്‍ രൂപീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നുമായിരുന്നു ജാക്ക്മ പറഞ്ഞത്. ഇതിന് പിന്നാലെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും എതിരെ കടുത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.