കരാര്‍ കൃഷിക്ക് ആലോചനയില്ല, കൃഷി സ്ഥലം വാങ്ങില്ല- റിലയന്‍സ്

ഇന്ത്യയില്‍ കരാര്‍ കൃഷി നടത്താന്‍ യാതൊരു ആലോചനയുമില്ലെന്ന് റിലയന്‍സ്. കര്‍ഷക പ്രക്ഷോഭത്തില്‍ പ്രതിച്ഛായ നഷ്ടപ്പെടുന്ന പശ്ചാത്തലത്തില്‍ റിലയന്‍സ് തിങ്കളാഴ്ച്ച പത്രക്കുറിപ്പിലൂടെയാണ് ഇത് വ്യക്തമാക്കിയത്. റിലയന്‍സ് എന്നും കര്‍ഷകരെ പിന്തുണച്ചിട്ടേയുള്ളൂ. കോര്‍പ്പറേറ്റ് കൃഷിക്കോ കരാര്‍ കൃഷിക്കോ വേണ്ടി രാജ്യത്തൊരിടത്തും കമ്പനി കൃഷിയിടം വാങ്ങിയിട്ടില്ല. കാര്‍ഷിക മേഖലയില്‍ ഇറങ്ങാന്‍ കമ്പനിക്ക് യാതൊരു ഉദ്ദേശ്യമില്ലെന്നും റിലയന്‍സ് അറിയിച്ചു.
റിലയന്‍സിന് കീഴിലുള്ള റിലയന്‍സ് റീടെയിലിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പ്രസ്താവന വിശദീകരിക്കുന്നുണ്ട്. നിലവില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ റിലയന്‍സ് റീടെയില്‍ സമാഹരിക്കുന്നില്ല. വിതരണക്കാര്‍ വഴിയാണ് ഇതെത്തുന്നത്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനങ്ങള്‍ വഴിയാകണം ഭക്ഷ്യോത്പന്നങ്ങള്‍ ഏറ്റെടുക്കേണ്ടതെന്ന് വിതരണക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും റിലയന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.
പഞ്ചാബിലും ഹരിയാനയിലും പുതിയ കാര്‍ഷിക നിയമത്തിനെതിരെ ആളിക്കത്തുന്ന പ്രക്ഷോഭത്തില്‍ റിലയന്‍സിന് വലിയ നാശനഷ്ടം സംഭവിക്കുന്നുണ്ട്. പഞ്ചാബില്‍ മാത്രം 1,500 ഓളം റിലയന്‍സ് ജിയോ ടവറുകളും അനുബന്ധ ടെലികോം ഉപകരണങ്ങളുമാണ് പ്രക്ഷോഭകര്‍ തകര്‍ത്തത്.