ഡീലറില്ല, ചാര്‍ജറില്ല; ടെസ്‌ല നേപ്പാളില്‍

ഇന്ത്യയിലെത്തുംമുമ്പേ യു എസ് വൈദ്യുത വാഹന നിര്‍മാതാക്കളായ ടെസ്‌ല നേപ്പാളില്‍ കാര്‍ വില്‍പന തുടങ്ങി. ഔപചാരികമായി അരങ്ങേറ്റം കുറിക്കും മുമ്പാണു ടെസ്‌ല നേപ്പാളില്‍ വാഹന വില്‍പന ആരംഭിച്ചത്.
ഹോങ്കോങ്ങിലെ സൗത്ത് ചൈന എക്‌സിം ലിമിറ്റഡില്‍ നിന്നാണു നേപ്പാളിലെ വാഹന ഡീലര്‍മാരായ ശ്രീമ ഡിസ്ട്രിബ്യൂട്ടേഴ്‌സും എ ആര്‍ ഇ ടി ഇ ഇന്റര്‍നാഷനലും ചേര്‍ന്നു ടെസ്‌ല കാറുകള്‍ കഠ്മണ്ഡുവില്‍ എത്തിച്ചത്. മോഡല്‍ എക്‌സ് ലോങ് റേഞ്ചിന് 3.50 കോടി നേപ്പാളി രൂപ(ഏകദേശം 2.18 കോടി ഇന്ത്യന്‍ രൂപ)യും മോഡല്‍ ത്രീക്ക് 1.25 കോടി നേപ്പാളി രൂപ(ഏകദേശം 78 ലക്ഷം ഇന്ത്യന്‍ രൂപ)യുമാണു ഷോറൂം വില. അംഗീകൃത ഡീലര്‍ഷിപ്പോ വില്‍പനാന്തര സേവനത്തിനുള്ള സംവിധാനമോ ഇല്ല. ബാറ്ററി ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യവും ലഭ്യമല്ലാത്തതിനാല്‍ ടെസ്‌ല ഉടമകള്‍ വീടുകളില്‍ തന്നെ വാഹനം ചാര്‍ജ്
ചെയ്യേണ്ട അവസ്ഥയുമാണ്.
നേപ്പാളിലെത്തിച്ച മോഡല്‍ എക്‌സ് കാറുകളിലൊന്ന് കഠ്മണ്ഡുവിലെ വണ്‍ ദര്‍ബാര്‍ മാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.