ഫീച്ചര്‍ ഉയര്‍ത്തി വില കുറച്ച് പുതിയ ഇക്കോസ്‌പോട്ട്

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളില്‍ കേമനായ ഫോര്‍ഡ് ഇക്കോസ്‌പോട്ടിന്റെ 2021 പതിപ്പ് അവതരിപ്പിച്ചു. ഫീച്ചറുകള്‍ ഉയര്‍ത്തിവന്ന മോഡലിന് പതിവിന് വിപരീതമായി വിലകുറച്ചിരിക്കുകയാണ്.
ഈ വരവില്‍ ഇക്കോസ്‌പോട്ടിന്റെ ടൈറ്റാനിയം എന്ന വേരിയന്റിലും സണ്‍റൂഫ് നല്‍കിയിട്ടുണ്ട്. ഫോര്‍ഡ് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച വണ്‍ സ്‌റ്റോപ്പ് സ്മാര്‍ട്ട് ഫോണ്‍ ആപ്പായ ഫോര്‍ഡ്പാസ് ടി.എം. കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും 2021 ഇക്കോസ്‌പോട്ടില്‍ നല്‍കിയിട്ടുണ്ട്.
ആപ്പിന്റെ സഹായത്തോടെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ലോക്ക്/ അണ്‍ലോക്ക് ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആറ് എയര്‍ബാഗ് തുടങ്ങിയവയും ഈ വരവിലെ പ്രത്യേകതകളാണ്.
ഇക്കോസ്‌പോട്ട് പെട്രോള്‍ മോഡലിന് 7.99 ലക്ഷം മുതല്‍ 11.19 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലിന് 8.69 ലക്ഷം മുതല്‍ 11.49 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറും വില.
അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്കുമാണ് ഇക്കോസ്‌പോട്ടില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.