തിയറ്ററുകളില്‍ 100 ശതമാനവും ആളുകളെ പ്രവേശിപ്പിക്കാമെന്ന പുതിയ ഉത്തരവുമായി തമിഴ്നാട് സര്‍ക്കാര്‍. ജനുവരി 11 മുതലാണ് തിയറ്ററുകളില്‍ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് മാസ്റ്റര്‍ റിലീസ് ഉണര്‍വേകുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതികരണം.
നടന് വിജയ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിയറ്ററുകള്‍ നൂറുശതമാനം ആളുളെ പ്രവേശിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിജയ് തന്നെ വന്ന് കണ്ടത് മാസ്റ്ററിനെ കുറിച്ച് സംസാരിക്കാന്‍ ആല്ലായിരുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരം.
കൊവിഡിനെ തുടര്‍ന്ന് തമിഴ് സിനിമ പൂര്‍ണമായും പ്രതിസന്ധിയിലാണെന്നും ചലച്ചിത്ര മേഖലയെ സഹായിക്കണമെന്നും, ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വെയ്ക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ജനുവരി 13നാണ് വിജയ്-വിജയ് സേതുപതി ചിത്രം മാസ്റ്റര്‍ തിയറ്ററുകളിലെത്തുന്നത്. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിമ്പുവിന്റെ ‘ഈശ്വരന്’ 14നും റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.