വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്‌സ് 100 പോയിന്റ് നഷ്ടത്തില്‍, നിഫ്റ്റി 14100 ന് അരികെ

ചൊവാഴ്ച്ച ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 273.42 പോയിന്റ് നഷ്ടത്തില്‍ 47,903.38 ആയി. എന്‍എസ്ഇ നിഫ്റ്റി 50 സൂചികയും നഷ്ടത്തിലാണുള്ളത്. 84.75 പോയിന്റ് ഇടിവോടെ 14,048.15 എന്ന നിലയിലാണ് നിഫ്റ്റിയുടെ തുടര്‍ച്ച. ഊര്‍ജ്ജ, വാഹന മേഖലയില്‍ തളര്‍ച്ച കൂടുതലായി കാണാം.
ബിഎസ്ഇയിലെ 581 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1022 ഓഹരികള്‍ നഷ്ടത്തിലുമാണ്. 56 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ടൈറ്റാന്‍, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

ടിസിഎസ്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.