സഹകരണ മേഖലയില്‍ പിടിമുറുക്കാന്‍ കേന്ദ്രം

സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിലേക്ക് മാറ്റുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി. 2021 ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തിലെ സഹകരണ മേഖലയെ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിന് കീഴില്‍ വരുത്തുന്നതാണ് പുതിയ നിയമം.
കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എന്നിവയ്ക്ക് കൂടി പുതിയ നിയമം ബാധകമാവും. ഇതോടെ ബാങ്ക് ഭരണസമിതിയുടെ കാലാവധി ഉള്‍പ്പടേയുള്ള കാര്യങ്ങളില്‍ കാതലായ മാറ്റം വരും. ഭരണ സമിതി, ബാങ്കിന്റെ ചെയര്‍മാന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാനും ആര്‍ബിഐയ്ക്ക് കഴിയും. ബാങ്കുകളുടെ ഓഹരി കൈമാറ്റം ചെയ്യാനും പുതിയ നിയമത്തിലൂടെ റിസര്‍വ് ബാങ്കിന് അവകാശം ഉണ്ടാവും. അതേസമയം കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കേരളം നടത്തുന്നത്. വിജ്ഞാപനത്തിനെതിരെ സര്‍വകക്ഷി യോഗം വിളിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.