ഇന്റര്‍നെറ്റ് നിയന്ത്രണം; ഇന്ത്യക്ക് 2.8 ബില്യണ്‍ ഡോളര്‍ നഷ്ടം

ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ കാരണം 2020ല്‍ ഇന്ത്യക്ക് ഉണ്ടായ നഷ്ടം 2.8 ബില്യണ്‍ ഡോളര്‍. യുകെ ആസ്ഥാനമായുള്ള സുരക്ഷാ ഗവേഷണ സ്ഥാപനമായ ടോപ്പ് 10 വിപിഎന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ വര്‍ഷം വെബ് ആക്‌സസ് തടഞ്ഞ 21 രാജ്യങ്ങളില്‍ ഇന്ത്യയില്‍ കാണുന്ന സാമ്പത്തിക ആഘാതം പട്ടികയിലെ അടുത്ത 20 രാജ്യങ്ങളുടെ മൊത്തം ചെലവിന്റെ ഇരട്ടിയാണ്. ഇന്ത്യയുടെ യഥാര്‍ത്ഥ സാമ്പത്തിക ആഘാതം 2.8 ബില്യണ്‍ ഡോളറിനേക്കാള്‍ കൂടുതലായിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് 2019 ലെ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ മൂലം ഉണ്ടായ നഷ്ടത്തിന്റെ ഇരട്ടിയാണ്. കൊവിഡ് ലോക്ക്‌ഡൌണാണ് 2020 ലെ ബിസിനസുകളെ ബാധിച്ചത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ മറ്റേതൊരു രാജ്യത്തേക്കാളും ഇന്ത്യ 2020 ല്‍ 75 തവണയിലധികം ഇന്റര്‍നെറ്റ് നിയന്ത്രണം നടപ്പിലാക്കിയിരുന്നു.
കശ്മീരിലെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേക പരാമര്‍ശം നടത്തിയിട്ടുണ്ട്. 2019 ഓഗസ്റ്റ് മുതല്‍ 2020 മാര്‍ച്ച് വരെ ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജനാധിപത്യത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇന്റര്‍നെറ്റ് അടച്ചുപൂട്ടല്‍ എന്നാണി ഇതിനെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.