ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ പണക്കാരനായേക്കും

ടെസ്ലയുടെ ഓഹരി വില കുതിച്ചാല്‍ ലോക കോടീശ്വരന്മാരില്‍ ഒന്നാമനായ ജെഫ് ബെസോസിന് രണ്ടാം സ്ഥാനത്തേയ്ക്ക് പിന്മാറേണ്ടിവരും. ജനുവരി ആറിലെ കണക്കുപ്രകാരം സ്പെസ് എക്സിന്റെയും ടെസ് ലയുടെയും സ്ഥാപകനായ ഇലോണ്‍ മസ്കിന്റെ ആസ്തി 184.5 ബില്യണ്‍ ഡോളറായി. ജെഫ് ബെസോസിന്റെ ആസ്തിയേക്കാള്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ കുറവ് മാത്രമാണ് ഇത്.

ബ്ലൂംബര്‍ഗിന്റെ 500 പേരടങ്ങിയ ലോകകോടീശ്വര പട്ടികയിലാണ് പുതിയ ആസ്തിവിരവങ്ങളുള്ളത്. ദിനംപ്രതി പരിഷ്കരിക്കുന്ന പട്ടികയാണിത്. 187 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ബെസോസ് 2017 ഒക്ടോബര്‍ മുതല്‍ പട്ടികയില്‍ ഒന്നാമതാണ്. 2020 നവംബറില്‍ രണ്ടാംസ്ഥാനത്തുള്ള ബില്‍ ഗേറ്റ്സിനെ 128 ബില്യണ്‍ ഡോളര്‍ ആസ്തിയോടെ ഇലോണ്‍ മസ്ക് മറികടന്നു.