ട്വിറ്റര്‍ അക്കൗണ്ട് ട്രംപിന് നഷ്ടമായേക്കും

ട്രംപ് അനുകൂലികള്‍ യു.എസ്. തലസ്ഥാനത്ത് നടത്തിയ ആക്രമണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ കമ്പനികള്‍ മരവിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്ന് ആരോപണങ്ങള്‍ അദ്ദേഹം നിരന്തരം തുടരുകയും ആക്രമണ സംഭവങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. യു.എസ്. പാര്‍ലമെന്റിന് പുറത്ത് ആക്രമണമഴിച്ചുവിട്ട പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കിയ ട്രംപ് പങ്കുവെച്ച ഒരു വീഡിയോയില്‍ പാര്‍ലമെന്റിന് സമീപം പ്രതിഷേധിച്ചവരെ ദേശസ്‌നേഹികളെന്ന് വിശേഷിപ്പിക്കുകയും അവരെ താന്‍ സ്‌നേഹിക്കുന്നുവെന്ന് പറയുകയും ചെയ്തിരുന്നു.
ഈ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. പിന്നാലെ തന്നെ ട്വിറ്റര്‍ ഈ വീഡിയോ റീട്വീറ്റ് ചെയ്യുന്നതിനും ലൈക്ക് ചെയ്യുന്നതിനും കമന്റ് ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി. പിന്നീട് വീഡിയോ നീക്കം ചെയ്തു.

ഫെയ്‌സ്ബുക്ക് ആദ്യമായാണ് ഈ രീതിയില്‍ ട്രംപിന്റെ അക്കൗണ്ടിന് നേരെ നടപടിയെടുക്കുന്നത്. നേരത്തെ അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പല പോസ്റ്റുകള്‍ക്കും ഫെയ്‌സ്ബുക്ക് അനുവാദം നല്‍കിയിരുന്നു.