പതിവ് ട്രെക്കിങ് ഇല്ല; എങ്കിലും അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാം

അഗസ്ത്യാര്‍കൂടത്തിലേക്ക് പതിവ് ട്രെക്കിങ് ഇത്തവണ ഇല്ല. അതേസമയം, പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങള്‍ക്ക് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാനുള്ള അവസരം വനംവകുപ്പ് ഒരുക്കുന്നുണ്ട്.
ജനുവരി 14ല്‍ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാര്‍കൂടം ട്രെക്കിങ് കാലം. കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വര്‍ഷം ഒഴിവാക്കിയത്.
പാക്കേജായി പോകുന്നവര്‍ക്ക് ഇതിനായി 10 പേരടങ്ങുന്ന സംഘത്തിന് 28000 രൂപയും 5 പേരടങ്ങുന്ന സംഘത്തിന് 16000 രൂപയും ഫീസ് നല്‍കണം. തിരുവനന്തപുരം വൈല്‍ഡ് ലൈഫ് ഓഫിസില്‍ നേരിട്ടെത്തിയാണ് രേഖകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കി ഫീസ് അടയ്‌ക്കേണ്ടത്. സന്ദര്‍ശകര്‍ 24 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം.
ചൊവ്വയും വെള്ളിയും ആണ് പ്രവേശനം. ഒരു ദിവസം 45 പേര്‍ക്കാണ് അനുമതി. 10 പേരുടെ സംഘത്തിന് സഹായിയായി 4 ഗൈഡും
5 പേരുള്ള സംഘത്തിന് 3 ഗൈഡും ഒപ്പമുണ്ടാകും. ഗൈഡുകള്‍ തന്നെ ഭക്ഷണം പാചകം ചെയ്തു നല്‍കും. പ്രധാന വിശ്രമ കേന്ദ്രമായ അതിരുമലയില്‍ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ സന്ദര്‍ശകര്‍ കൊണ്ടുവരണം.