പാല്‍ വിറ്റ് ഒരു കോടി രൂപ സമ്പാദിച്ച 62കാരി

അഹമ്മദാബാദ്: ഗുജറാത്തിലെ നവൽബെൻ ചൗധരിയെന്ന ഈ 62 കാരി കഴിഞ്ഞ ഒരു വർഷം വിറ്റത് ഒരു കോടി രൂപയുടെ പാൽ, വിശ്വസിക്കാനാകുന്നില്ല അല്ലെ.? എന്നാൽ സംഗതി സത്യമാണ്. 80 എരുമകളും 45 പശുക്കളും ഉള്ള സ്വന്തമായി ഡയറി നടത്തുന്ന ഈ സ്ത്രീയുടെ മാസവരുമാനം മൂന്നര ലക്ഷം രൂപയാണ്. ഗുജറാത്തിലെ ബനസ്ക്കന്ദ ജില്ലയിലാണ് നവൽബെൻ താമസിക്കുന്നത്. 2020ൽഒരു കോടി 10 ലക്ഷം രൂപക്ക് പാൽ വിറ്റ് റെക്കോഡ് നേട്ടത്തിലെത്തി നിൽക്കുകയാണ് നവൽബെൻ. കഴിഞ്ഞ വർഷം വീട്ടിൽ തന്നെ ഡയറി തുടങ്ങിയതോടെയാണ് പാൽവിൽപനയിൽ കുതിച്ചുകയറ്റം തുടങ്ങിയത്. 80 എരുമകൾ , 45 പശുക്കൾ. പശുവിനെ കറക്കുന്നതു മുതൽ എല്ലാ ജോലികളും നവൽ ബെൻ തന്നെയാണ് മുന്നിൽ നിന്നും നയിക്കുന്നതും. 15പേരാണ് നവൽബെന്നിന്‍റെ ഡയറിയിൽ പാൽ കറക്കാൻ മാത്രമായി ജോലി ചെയ്യുന്നത്. സംസ്ഥാനത്തും ബനസ്കന്ദ ജില്ലയിലുമായി പല അവാർഡുകളും നവൽബെന്നിനെ തേടിയെത്തിയിട്ടുണ്ട്.