പുതിയ ആശയങ്ങളുണ്ടോ; ഐഡിയ ഫെസ്റ്റിലേക്ക് അയക്കൂ


കൊച്ചി: സംരംഭകത്വവും നൂതനാശയവും കൈമുതലായുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോളേജ് വിദ്യാര്‍ഥികളിലെ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഐഡിയ ഫെസ്റ്റ് നടത്തുന്നത്.

2021 ജനുവരി 25 ആണ് ഐഡിയ ഫെസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. www.bit.ly/ksumif2020 എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. 

 തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ബൂട്ട് ക്യാമ്പിലേക്ക്  യോഗ്യത നേടും. ബൂട്ട് ക്യാമ്പില്‍ ഉയര്‍ന്നുവരുന്ന തെരഞ്ഞെടുക്കപ്പെട്ട നൂതനാശയങ്ങള്‍ വിദഗ്ധ സമിതിക്കു മുന്‍പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്ന നൂതനാശയങ്ങള്‍ അവയുടെ പുരോഗതി ഘട്ടം പരിഗണിച്ച് കെഎസ് യുഎം സഹായധനം നല്‍കും.നൂതനാശയത്തിന്‍റെ മാതൃക നിര്‍മ്മിക്കുന്നതിന് വേണ്ട ലാബ് സൗകര്യം, വിദഗ്ധോപദേശം എന്നിവയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും.