ഓഹരിവിപണിയില്‍ നിന്ന് വന്‍ ലാഭം കൊയ്ത് എല്‍.ഐ.സി

മുംബൈ: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് (എല്‍ഐസി) എക്കാലത്തെയും മികച്ച വര്‍ഷമാണിത്. ഐപിഒ പരിധിയില്‍ വരുന്ന ഈ ഇന്‍ഷുറന്‍സ് ഭീമന്‍ ഇതുവരെ 33805 കോടി രൂപയുടെ ലാഭമാണ് ഇക്വിറ്റി നിക്ഷേപം വഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 18,371.47 കോടി രൂപയായിരുന്നു.

– ഈ സാമ്ബത്തിക വര്‍ഷത്തില്‍ ജനുവരി വരെയുള്ള കണക്കുകള്‍ അനുസരിച്ച്‌ ആദ്യ ഒന്‍പത് മാസം തന്നെ 64,801 കോടി രൂപയുടെ ഓഹരികള്‍ കമ്ബനി വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം അത് 40,510 കോടിയായിരുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ ആകെ 61,590 കോടിയുടെ ഓഹരികളാണ് കമ്ബനി വാങ്ങിയത്. ‘ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ തന്നെ ക്ലെയിം സെറ്റില്‍മെന്‍റുകള്‍ സുഗമമായി നടത്താനുള്ള പണമൊഴുക്ക് ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ ഓരോ ദിവസവും ഇടിഞ്ഞു തുടങ്ങിയപ്പോഴും ഞങ്ങള്‍ ഓഹരികള്‍ ദിനംപ്രതി വാങ്ങിക്കൊണ്ടോയിരുന്നു. മികച്ച ദിവസങ്ങള്‍ വരുമെന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു’. എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാറിനെ ഉദ്ധരിച്ച്‌ എക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബിസിനസുകള്‍ അടച്ചുപൂട്ടുകയും വരുമാനം കുറയുമെന്ന് പരിഭ്രാന്തി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതോടെ മാര്‍ച്ച്‌ 24 ന് ബെഞ്ച്മാര്‍ക്ക് ഇക്വിറ്റി സൂചികകള്‍ ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ നിന്ന് നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ ഏറ്റവും മോശം അവസ്ഥയെ ഭയന്ന് വിദേശ നിക്ഷേപകരും മ്യൂച്വല്‍ ഫണ്ടുകളും വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകരും പിന്നിലേക്ക് വലിഞ്ഞു.

എന്നാല്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഓഹരികള്‍ വില്‍ക്കാനും മറ്റുള്ളവര്‍ പിന്‍വാങ്ങുന്ന സമയത്ത് വാങ്ങാനുമുള്ള എല്‍ഐസിയുടെ നിക്ഷേപ തീരുമാനവും കമ്ബനിക്ക് ലാഭകരമായി. ‘ഭാവിയില്‍ ലാഭം സൃഷ്ടിക്കുന്നതിനുള്ള തന്ത്രമാണ് ഇത്, അത് പരിഹാര അനുപാതങ്ങള്‍ നിലനിര്‍ത്തുകയും പോളിസി ഹോള്‍ഡര്‍മാര്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ആ തന്ത്രം ഫലിച്ചു. ഇന്നത്തെ കണക്കനുസരിച്ച്‌, ഞങ്ങള്‍ എക്കാലത്തെയും ഉയര്‍ന്ന ലാഭം നേടി’. കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം എല്‍‌ഐ‌സി ബുക്ക് ചെയ്ത ലാഭം ഇന്‍‌ഷുററുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്. വിപണിയില്‍ മുന്നേറ്റം തുടരുന്ന സാഹചര്യത്തില്‍, എല്‍‌ഐസിയുടെ മുഴുവന്‍ സാമ്ബത്തിക വര്‍ഷത്തിലെയും ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇരട്ടിയാകുമെന്നും കമ്ബനി അധികൃതര്‍ പ്രതീക്ഷിക്കുന്നു.