ഡി-മാര്‍ട്ട്; വരുമാനം 11 ശതമാനം വര്‍ധിച്ചു

രാജ്യത്തെ ഡി-മാര്‍ട്ട് ശൃഖല നിയന്ത്രിക്കുന്ന അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ് ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടു. ഒക്ടോബര്‍ – ഡിസംബര്‍ കാലയളവില്‍ 16.39 ശതമാനം അറ്റാദായ വര്‍ധനവാണ് കമ്ബനി കുറിച്ചത്. ഡിസംബര്‍ പാദത്തില്‍ കമ്ബനിയുടെ അറ്റാദായം 446.95 കോടി രൂപയില്‍ എത്തിനിന്നു. മുന്‍ സാമ്ബത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 384.01 കോടി രൂപയായിരുന്നു അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ അറ്റാദായം.

ഇത്തവണ കമ്ബനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 10.77 ശതമാനം വര്‍ധിച്ച്‌ 7,542 കോടി രൂപ തൊട്ടു. മുന്‍വര്‍ഷം ഇത് 6,808.93 കോടി രൂപയായിരുന്നു. ഇതേസമയം, ഡിസംബര്‍ പാദത്തില്‍ മൊത്തം ചിലവുകളും കൂടി. 6,325.03 കോടി രൂപയില്‍ നിന്നും 6,977.88 കോടി രൂപയായാണ് കമ്ബനിയുടെ ചിലവുകള്‍ വര്‍ധിച്ചത് (10.32 ശതമാനം).

ഒക്ടോബര്‍, നവംബര്‍ മാസങ്ങളെ അപേക്ഷിച്ച്‌ കാര്യമായ കച്ചവടം ഡിസംബറില്‍ കമ്ബനിക്കുണ്ടായിരുന്നില്ല. 2019 ഡിസംബറില്‍ കയ്യടക്കിയ വില്‍പ്പനയുടെ 96 ശതമാനം മാത്രമാണ് ഇത്തവണ ഡി-മാര്‍ട്ട് ശൃഖലയ്ക്ക് നേടാനായത്. നിലവില്‍ രാജ്യത്തുടനീളമായി 162 ഡി-മാര്‍ട്ട് സ്റ്റോറുകള്‍ അവന്യു സൂപ്പര്‍മാര്‍ട്ട്‌സിനുണ്ട്.

നേരത്തെ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ 9 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാം പാദ വളര്‍ച്ചയാണ് ടിസിഎസ് കാഴ്ച്ചവെച്ചത്. ഡിസംബര്‍ പാദത്തില്‍ 5.4 ശതമാനം വളര്‍ച്ചാ നിരക്കില്‍ ടിസിഎസ് 42,015 കോടി രൂപ വരുമാനം നേടി. 7.2 ശതമാനം വര്‍ധനവ് അറ്റാദായത്തിലും സംഭവിച്ചു. 8,701 കോടി രൂപയാണ് കഴിഞ്ഞ പാദത്തില്‍ ടിസിഎസ് രേഖപ്പെടുത്തിയ അറ്റാദായം. സുപ്രധാന ബിസിനസ് മേഖലകളിലെ മുന്നേറ്റമാണ് ടിസിഎസിനെ ഡിസംബര്‍ പാദത്തില്‍ തുണച്ചത്.

ആഭ്യന്തര വരുമാനവും മാര്‍ജിന്‍ ടാര്‍ഗറ്റുകളും യഥാസമയം പൂര്‍ത്തിയാക്കിയെന്ന് കമ്ബനി മുന്‍പ് അറിയിക്കുകയുണ്ടായി. മൂന്നാം പാദത്തില്‍ മാത്രം 6.8 ബില്യണ്‍ ഡോളറിന്റെ കരാറുകളാണ് ടിസിഎസ് സ്വന്തമാക്കിയത്. ഡിസംബര്‍ പാദത്തിലെ മിന്നും പ്രകടനത്തില്‍ ഈ കരാറുകള്‍ നിര്‍ണായകമായി.

മറ്റു കണക്കുകള്‍ പരിശോധിച്ചാല്‍ ഡിസംബര്‍ പാദത്തില്‍ ടിസിഎസിന്റെ പ്രവര്‍ത്തനലാഭം 9,974 കോടിയില്‍ നിന്നും 11,184 കോടി രൂപയായി ഉയര്‍ന്നു; വര്‍ഷാവര്‍ഷമുള്ള വളര്‍ച്ച 12.1 ശതമാനം. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ മൂന്നാം പാദം 26.6 ശതമാനം രേഖപ്പെടുത്തി. വര്‍ഷാവര്‍ഷമുള്ള ചിത്രം നോക്കിയാല്‍ 160 ബേസിസ് പോയിന്റ് അധികം കുറിക്കാന്‍ കമ്ബനിക്ക് സാധിച്ചു.