അടിമുടി മാറ്റവുമായി ജനറല്‍ മോട്ടോര്‍സ്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സ് അടിമുടി മാറുന്നു. 2025 ഓടെ 30 പുതിയ വൈദ്യുത കാറുകള്‍ പുറത്തിറക്കുമെന്നാണ് ജനറല്‍ മോട്ടോര്‍സിന്റെ പ്രഖ്യാപനം. വൈദ്യുത വാഹനങ്ങളുടെ പ്രാധാന്യം ഉള്‍പ്പെടുത്തി കോര്‍പ്പറേറ്റ് ലോഗോ കമ്പനി പരിഷ്‌കരിച്ചു. വൈദ്യുത വാഹനങ്ങള്‍ കേന്ദ്രീകൃതമാക്കി മാര്‍ക്കറ്റിങ് ക്യാംപയിനുകള്‍ പുനരാവിഷ്‌കരിക്കാനും ജനറല്‍ മോട്ടോര്‍സ് തീരുമാനിച്ചു.
നിലവില്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളോടാണ് ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് താത്പര്യം. കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് ടെസ്‌ലയുടെ ഓഹരികള്‍ 800 ശതമാനത്തിന് മുകളിലാണ് ലാഭം കൊയ്തത്. ഓഹരികളുടെ കുതിപ്പ് മുന്‍നിര്‍ത്തി കമ്പനിയുടെ വിപണി മൂല്യവും പുതിയ മാനംതൊട്ടു. നിലവില്‍ 800 ബില്യണ്‍ ഡോളറിന് മുകളിലാണ് ടെസ്‌ലയുടെ വിപണി മൂല്യം. ഇതേസമയം ജനറല്‍ മോട്ടോര്‍സിന്റെ ഓഹരി പോയവര്‍ഷം നാമമാത്രമായ വളര്‍ച്ചയെ കുറിച്ചിട്ടുള്ളൂ. 61 ബില്യണ്‍ ഡോളര്‍ മാത്രമാണ് കമ്പനിയുടെ മൊത്തം വിപണി മൂല്യവും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ചിലവ് കുറഞ്ഞ വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനുള്ള തീവ്രയത്‌നത്തിലാണ് ജനറല്‍ മോട്ടോര്‍സ്. ഒറ്റ ചാര്‍ജില്‍ 450 കിലോമീറ്റര്‍ ദൂരവും മൂന്നു സെക്കന്‍ഡുകള്‍കൊണ്ട് പൂജ്യത്തില്‍ നിന്നും 97 കിലോമീറ്റര്‍ വേഗവും കൈവരിക്കാന്‍ പ്രാപ്തമാകുന്ന മോഡലുകളുടെ വികസനം കമ്പനി തുടങ്ങിക്കഴിഞ്ഞു. വൈദ്യുത വാഹനങ്ങളുടെ വികസനത്തിനായി 27 ബില്യണ്‍ ഡോളറാണ് ജനറല്‍ മോട്ടോര്‍സ് വകയിരുത്തിയിരിക്കുന്നത്.