എംകെഎം ഇന്‍ഫോ സൊല്യൂഷന്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്:  മൊബൈല്‍, വെബ്സൈറ്റ് അധിഷ്ഠിത ഐടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന എംകെഎം ഇന്‍ഫോ സൊല്യൂഷന്‍സ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ചു.


കസ്റ്റംസ് സൂപ്രണ്ട് സി ജെ തോമസ് കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ നിരീഷ് സി, കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പ്രസിഡന്‍റ് ഹാരിസ് പി ടി, സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍, കമ്പനി പ്രൊമോട്ടര്‍മാരായ മുനീര്‍ മേലേക്കുന്നത്ത്, കരിക്കാടന്‍ പൊയില്‍ നിസിയ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളില്‍ ഐടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന എംകെഎം 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു. ഉപഭോക്താവിന് താങ്ങാവുന്ന ചെലവില്‍ മികച്ച ഐടി സേവനങ്ങള്‍ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മുനീര്‍ മേലേക്കുന്നത്ത് പറഞ്ഞു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ് മേഖലയിലെ പൂര്‍ണശേഷി പ്രയോജനപ്പെടുത്താന്‍ സഹായിക്കുകയാണ് എംകെഎം ചെയ്യുന്നത്. ചെറുകിട-മധ്യവര്‍ഗ വ്യവസായങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ഉതകുന്ന വ്യത്യസ്തങ്ങളായ ഐടി സേവനങ്ങളും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സോഫ്റ്റ് വെയര്‍, വെബ് ആപ്ലിക്കേഷന്‍ ഡെവലപ്മന്‍റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇ-കൊമേഴ്സ്, ഇആര്‍പി, ഡെസ്ക്ടോപ്പ് ആപ്ലിക്കേഷന്‍സ്, സിആര്‍എം സൊല്യൂഷന്‍സ് എന്നീ സേവനങ്ങളും കമ്പനി നല്‍കുന്നു.