ചാണകത്തില്‍ നിന്ന് പെയിന്റ്; ഇന്നുമുതല്‍ വിപണിയില്‍

ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ച പെയിന്റ് ചൊവ്വാഴ്ച മുതല്‍ വിപണിയില്‍ ലഭിക്കും. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഔദ്യോഗികമായി പുറത്തിറക്കും.
‘ഖാദി പ്രകൃതിക് പെയിന്റ്’ എന്നാണ് ഈ പെയിന്റിന്റെ പേര്.
മറ്റ് പെയിന്റുകളെക്കാള്‍ ഈ പെയിന്റിന് വിലക്കുറവുമുണ്ടാകും.
പൂപ്പലിനെയും ബാക്ടീരിയയെയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമാണ് ഖാദി പ്രകൃതിക് പെയിന്റെന്നും ബി.ഐ.എസ്. അഗീകാരം ലഭിച്ചിട്ടുണ്ടെന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചു.


2020 മാര്‍ച്ചിലാണ് ഇത്തരമൊരു പദ്ധതി കെ.വി.ഐ.സി. മുന്നോട്ടുവെച്ചത്. പിന്നീട് ജയ്പുരിലെ കെ.വി.ഐ.സി. യൂണിറ്റായ കുമരപ്പ നാഷണല്‍ ഹാന്‍ഡ്‌മേഡ് പേപ്പര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഖാദി പ്രകൃതിക് പെയിന്റ് വികസിപ്പിക്കുകയായിരുന്നു.
ഡിസ്റ്റംപര്‍ പെയിന്റ്, പ്ലാസ്റ്റിക് എമല്‍ഷന്‍ പെയിന്റ് എന്നിങ്ങനെ രണ്ടുവിധത്തില്‍ ഖാദി പ്രകൃതിക് പെയിന്റ് ലഭ്യമാണ്.
ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആഴ്‌സെനിക്, കാഡ്മിയം തുടങ്ങിയ ഘനലോഹങ്ങളുടെ സാന്നിധ്യം ഖാദി പ്രകൃതിക് പെയിന്റില്‍ ഇല്ലെന്ന് കെ.വി.ഐ.സി. പറഞ്ഞു.