തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു

തിരുവനന്തപുരം:  തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ പൈതൃക സ്മാരകങ്ങളെ സംരക്ഷിക്കുകയും അന്താരാഷ്ട്ര തലത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 100 കോടി ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തിരുവിതാംകൂര്‍ ഹെറിറ്റേജ് ടൂറിസം പദ്ധതിക്ക് തുടക്കമാകുന്നു. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതല്‍ ആറൻമുള പാര്‍ത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന പൈതൃക ടൂറിസം പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് ആരംഭിക്കും. തിരുവിതാംകൂറിലെ കൊട്ടാരങ്ങള്‍, മാളികകള്‍, ക്ഷേത്രങ്ങള്‍ എന്നിവയുടെ പഴമ നഷ്ടപ്പെടാതെ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തിരുവിതാംകൂറിന്‍റെ ടൂറിസം വികസനത്തിന് പുത്തനുണര്‍വേകുന്ന പദ്ധതി നാല് ഘട്ടങ്ങളിലായിട്ടാണ് നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരം, കിഴക്കേക്കോട്ട, എം.ജി റോഡ് മുതല്‍ വെള്ളയമ്പലം വരെയുള്ള 19 കെട്ടിട സമുച്ചയങ്ങള്‍ എന്നിവ അത്യാധുനിക പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിച്ച് മനോഹരമാക്കും. തുടര്‍ന്ന് കിഴക്കേകോട്ട മുതല്‍ ഈഞ്ചക്കല്‍ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാല്‍ ആകര്‍ഷകമാക്കും. ഫോര്‍ട്ട്, മ്യൂസിയം, ശംഖുംമുഖം സോണുകളിലായി 42 കെട്ടിടങ്ങളാണ് അലങ്കരിക്കുന്നത്. ഇതില്‍ വഴുതക്കാട്ടെ ട്രിഡയുടെ പഴയ കെട്ടിടം, പോലീസ് ആസ്ഥാനം, മാസ്കറ്റ് ഹോട്ടല്‍, പാളയം സി.എസ്.ഐ പള്ളി, കോട്ടയ്ക്കകത്തെ അമ്മവീടുകള്‍ എന്നിവ ഉള്‍പ്പെടും. ജയ്പൂര്‍ മാതൃകയിലാണ് വൈദ്യുതാലങ്കാരം നടത്തുന്നത്. സെക്രട്ടറിയേറ്റ് മന്ദിരം ലേസര്‍ പ്രൊജക്ഷന്‍ വഴി ആകര്‍ഷകമാക്കും.

ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്വകാര്യ കെട്ടിടങ്ങളുടെ ഉടമകള്‍ പദ്ധതിയോട് സഹകരിക്കുമെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൈതൃക കെട്ടിടങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.

തിരുവനന്തപുരത്തിന്‍റെ പ്രൗഢി വിളിച്ചോതുന്ന കെട്ടിടങ്ങള്‍ അത്യാധുനിക വൈദ്യുത ദീപാലങ്കാരങ്ങളാല്‍ പ്രകാശിതമാകുന്നതോടെ രാത്രികാല ടൂറിസം കേന്ദ്രം കൂടിയായി തലസ്ഥാന നഗരം മാറുമെന്ന് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ചരിത്ര സ്മാരകങ്ങളുടെ പുനരുദ്ധാരണമാണ് നടപ്പിലാക്കുക. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം, ആറ്റിങ്ങല്‍, കിളിമാനൂര്‍ ഉള്‍പ്പെടെയുള്ള കൊട്ടാരങ്ങള്‍ സംരക്ഷിച്ച് പ്രകാശ സംവിധാനങ്ങള്‍ സ്ഥാപിക്കും. പദ്മനാഭ സ്വാമി ക്ഷേത്രം, അനുബന്ധ കെട്ടിടങ്ങള്‍, കോട്ടമതിലുകള്‍, പദ്മതീര്‍ത്ഥക്കുളം, പഴയ വ്യാപാര കേന്ദ്രങ്ങള്‍, കോട്ടകള്‍, അവശിഷ്ടങ്ങള്‍ എന്നിവയും സംരക്ഷിക്കും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഴിഞ്ഞത്തെ ഗുഹാക്ഷേത്രം, ശംഖുംമുഖത്തെ ആറാട്ടുമണ്ഡപം, നഗരത്തിലെ പഴമയും പാരമ്പര്യവും വിളിച്ചോതുന്ന സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി, അയ്യങ്കാളി ഹാള്‍, യൂണിവേഴ്സിറ്റി കോളേജ്, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കെട്ടിടം  എന്നിവയുടെ സംരക്ഷണവും പദ്ധതിയുടെ ഭാഗമായി നടക്കും. അഞ്ചുതെങ്ങ് കോട്ട, കൊല്ലം തങ്കശ്ശേരിയില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച സെന്‍റ് തോമസ് കോട്ട എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടും.

രാജ്യത്തെ വിവിധ ഇടങ്ങളില്‍ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തില്‍ പ്രസിദ്ധമായ ആഭാ നാരായണന്‍ ലാംബ അസോസിയേറ്റ്സാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.