ടെസ്‌ല ഇന്ത്യയിലെത്തി, ഓഫീസ് ബെംഗളൂരുവില്‍

എലോണ്‍ മസ്‌കിന്റെ ടെസ്‌ല ബെംഗളൂരുവില്‍ ഓഫീസ് ആരംഭിച്ചു. എന്നാല്‍ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കും എന്ന് വ്യക്തമല്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകള്‍ അനുസരിച്ച് ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആന്റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ (സിബിഡി) ലാവെല്ലെ റോഡിലുള്ള വിലാസത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജനുവരി എട്ടിനാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. 2021 ല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ തുടങ്ങുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഗ്രീന്‍ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ കര്‍ണാടക നയിക്കുമെന്നും ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഉടന്‍ തന്നെ ഇന്ത്യയില്‍ ഗവേഷണവികസന യൂണിറ്റുമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും എലോണ്‍ മസ്‌കിനെ ഇന്ത്യയിലേക്കും കര്‍ണാടകയിലേക്കും സ്വാഗതം ചെയ്യുന്നതായും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പറഞ്ഞു.