വന്‍കിട കമ്പനികള്‍ക്ക് വാട്‌സാപ്പ് വേണ്ട, സിഗ്നലിലേക്ക് മാറുന്നു


ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള വാട്‌സാപ്പ് ചാറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വിവിധ കമ്പനികള്‍. മെസേജിങ് ആപ്ലിക്കേഷനായ സിഗ്‌നലിലേക്ക് മാറാനാണ് കമ്പനികള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കുമായി പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്ന പ്രൈവസി പോളിസി അപ്‌ഡേറ്റിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിബന്ധന അംഗീകരിക്കുക, അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യുക എന്നാണ് വാട്‌സാപ്പിന്റെ നിലപാട്.
സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, മുതിര്‍ന്ന ഉദ്യേഗസ്ഥരുടെ സംഘങ്ങള്‍ തുടങ്ങിയവര്‍ ദൈനംദിന ആശയവിനിമയങ്ങള്‍ക്കായി സിഗ്‌നല്‍ തിരഞ്ഞെടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പേ ടി.എം., ഫോണ്‍ പേ തുടങ്ങിയ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരോടെല്ലാം വാട്‌സാപ്പ് ഉപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നവീന്‍ ജിന്‍ഡാലിന്റേ നേതൃത്വത്തിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവറും വാട്‌സാപ്പില്‍നിന്ന് മാറുകയാണ്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര, ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്ര ശേഖറും കമ്പനിയിലെ മറ്റ് ചില ഉദ്യോഗസ്ഥരും കുറച്ച് കാലമായി സിഗ്‌നല്‍ ഉപയോഗിക്കുന്നുണ്ട്.