10 വര്‍ഷത്തിനുള്ളില്‍ 438 ലക്ഷം കോടി രൂപയുടെ നിക്ഷേപാവസരം സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി

റിയാദ്: വരുന്ന 10 വര്‍ഷത്തിനകം ആറ് ട്രില്യന്‍ ഡോളറി(ഏകദേശം 438 ലക്ഷം കോടി രൂപ)ന്റെ നിക്ഷേപാവസരം സൗദിയില്‍ സൃഷ്ടിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മന്‍ ബിന്‍ സല്‍മാന്‍. ലോക സാമ്പത്തിക ഫോറത്തിന്റെ ചര്‍ച്ചാ സെക്ഷനില്‍ പങ്കെടുത്തുകൊണ്ടാണ് കിരീടാവകാശി ഇക്കാര്യം വ്യക്തമാക്കിയത്. 36 രാജ്യങ്ങളിലെ 160 പ്രമുഖരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
സൗദി വിഷന്‍ 2030ലെ മൂന്നു ട്രില്യന്‍ ഡോളറിന്റെ പദ്ധതികള്‍ ഉള്‍പ്പെടെയാണിത്. ഇതില്‍ 85 ശതമാനം പദ്ധതികളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പബ്ലിക് ഇന്‍വെസ്റ്റ് ഫണ്ടിന്റെ നിക്ഷേപത്തിലും സൗദിയിലെ സ്വകാര്യമേഖലയുടെ ധനപങ്കാളിത്തത്തിലുമാണു നടപ്പാക്കുന്നത്.ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിദേശ മൂലധനം രാജ്യത്തേക്ക് കൊണ്ടുവരാന്‍ ഇതിലൂടെ കഴിയും.
ഊര്‍ജ്ജ മേഖലയിലടക്കം ടൂറിസം, ഗതാഗതം, വിനോദം, സ്‌പോര്‍ട്‌സ് എന്നീ രംഗങ്ങളില്‍ ശ്രദ്ധേയ മാറ്റം കൈവരുത്താനാണ് സൗദിയുടെ പദ്ധതി. ഈ രംഗത്ത് ലോകത്തിന്റെ തലപ്പത്ത് സൗദിയെത്തുമെന്നതിനാല്‍ വന്‍ നിക്ഷേപം രാജ്യത്തേക്ക് ഒഴുകും.
വിഷന്‍ 2030ലൂടെ എണ്ണ ഇതര വരുമാനം ഇരട്ടിയാക്കാനും തൊഴില്‍ വിപണിയില്‍ സ്ത്രീകളെ പ്രാപ്തരാക്കാനും ബിസിനസ് രംഗത്ത് മത്സരം കൊണ്ടുവരുന്നതിനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തില്‍ ഉണ്ടായ സുപ്രധാന പുരോഗതിയും സര്‍ക്കുലര്‍ കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയെക്കുറിച്ചുള്ള സൗദി സംരംഭവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഷന്‍ 2030 ന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി സൗദി അറേബ്യ നടത്തിയ ദ്രുതഗതിയിലുള്ള പരിവര്‍ത്തനങ്ങളിലേക്കും പരിഷ്‌കാരങ്ങളിലേക്കും കിരീടാവകാശി പങ്കെടുത്തവരുടെ ശ്രദ്ധ ആകര്‍ഷിച്ചു, അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഈ പരിഷ്‌കാരങ്ങള്‍ ഇരട്ടിയാകുമെന്നും കൂട്ടിച്ചേര്‍ത്തു.