കുടുംബശ്രീ വഴി നൈപുണ്യവികസന പദ്ധതിക്ക് 5 കോടി

തിരുവനന്തപുരം: സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള പുതിയ നൈപുണ്യവികസന പദ്ധതിക്ക് കേരളം തുടക്കം കുറിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീക്കാണ് ചുമതല. 5 കോടി രൂപ ഇതിനായി സര്‍ക്കാര്‍ വകയിരുത്തി. വനിതകള്‍ക്ക് തൊഴിലവസരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കും. ‘വര്‍ക്ക് നിയര്‍ ഹോം’ പദ്ധതിക്കായി (വീടിനടുത്ത് തൊഴില്‍) 20 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. സ്ത്രീകള്‍ക്ക് ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ പ്രത്യേക വായ്പ ലഭ്യമാക്കും. 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തിനകം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ജോലി, 50 ലക്ഷം പേര്‍ക്ക് നൈപുണ്യ വികസന പദ്ധതി, എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ലാപ്‌ടോപ് എന്നിവയും സംസ്ഥാന ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളാണ്.