കേരളത്തെ ആഗോള ഡിസൈന്‍ ഹബാക്കുക; പൊതുജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു


തിരുവനന്തപുരം
: ഡിസൈനിന്‍റെ ആഗോള ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്ന സമഗ്ര ഡിസൈന്‍ നയത്തെക്കുറിച്ച് പൊതുജനാഭിപ്രായം തേടുന്നു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഭരണ പരിപാടികള്‍ വിശദീകരിക്കുന്നതിനും അവര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഡിസൈന്‍ സംസ്കാരം പിന്തുണയേകുമെന്ന കാഴ്ച്ചപ്പാടോടെയാണ് നയരൂപീകരണത്തിന് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നത്.
കരകൗശല വിദഗ്ധരുടേയും ശില്‍പ്പികളുടേയും നൈപുണ്യം രാജ്യാന്തര തലത്തിലേക്കുയര്‍ത്തുന്ന പദ്ധതികള്‍ രൂപീകരിക്കുന്നതിനും നയം ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, സംസ്ഥാനത്തെ ഡിസൈന്‍ അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് നയം പ്രോത്സാഹനമേകും. രാജ്യാന്തര ഡിസൈന്‍ ഹബ്ബ് രൂപപ്പെടുത്തുന്നതിനും മുവായിരത്തോളം തൊഴില്‍ സൃഷ്ടിക്കുന്നതിനും നയം സഹായകമാകും.
താല്‍പര്യമുള്ളവര്‍ക്ക്  https://startupmission.kerala.gov.in/pages/kerala-design-policy-draft എന്ന ലിങ്ക് സന്ദര്‍ശിച്ച് നിര്‍ദ്ദിഷ്ട നയത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.