തൊഴിലുറപ്പുകാര്‍ക്ക് ക്ഷേമനിധി; 75 ദിവസം തൊഴിലെടുത്തവര്‍ക്ക് ഉത്സവബത്ത

ഫെബ്രുവരി മുതല്‍ തൊഴിലുറപ്പുകാര്‍ക്ക് ക്ഷേമനിധി ആരംഭിക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതുമാത്രമല്ല 75 ദിവസം തൊഴിലെടുത്ത തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഉത്സവബത്ത നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കര്‍ഷക തൊഴിലാളി ക്ഷേമനിധിയ്ക്ക് 100 കോടി രൂപയും അനുവദിച്ചു. കാര്‍ഷികേതര മേഖലയില്‍ 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ രണ്ട് ലക്ഷം പേര്‍ക്കെങ്കിലും അധികമായി തൊഴില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. തരിശുരഹിത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കയര്‍മേഖലയ്ക്ക് 112 കോടി രൂപ വകയിരുത്തി. കൈത്തറി മേഖലയ്ക്ക് 52 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോര്‍പറേഷന് 5 കോടി. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അഞ്ച് കോടി എന്നിങ്ങനെയാണ് മറ്റ് വകയിരുത്തലുകള്‍. 1500 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളി ക്ഷേമത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.