റബറിന്റെ തറവില 170 രൂപയാക്കി; നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരണവില കൂട്ടി

തിരുവനന്തപുരം: റബറിന്റെ തറവില 170 രൂപയാക്കി സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി ടിഎം തോമസ് ഐസക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. റബറിന് പുറമെ നെല്ലിന്റെ സംഭരണവില 28 രൂപയായും നാളികേരത്തിന്റെ സംഭരണവില 22 രൂപയില്‍ നിന്ന് 32 രൂപയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ പുതിയ വിലനിലവാരം പ്രാബല്യത്തില്‍ വരും. നേരത്തെ റബര്‍, നെല്ല്, നാളികേരം എന്നിവയുടെ താങ്ങുവില വര്‍ധിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ബജറ്റിന് മുന്നോടിയായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ നെല്ലിന് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച സംഭരണവില 18 രൂപയാണ്. എന്നാല്‍ കേരള 27.48 രൂപയാണ് ഇതുവരെ നല്‍കിവന്നത്. ഇപ്പോള്‍ നെല്ലിന്റെ സംഭരണവില 28 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.