ബംഗളുരൂ ലോകത്തെ അതിവേഗം വളരുന്ന ടെക് ഹബ്

2016 മുതലുള്ള വളര്‍ച്ച അനുസരിച്ച് ലോകത്തെ അതിവേഗം വളരുന്ന ടെക് നഗരമായി ബെംഗളൂരു മാറി. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍, മ്യൂണിച്ച്, ബെര്‍ലിന്‍, പാരീസ് എന്നീ നഗരങ്ങളെ പിന്നിലാക്കിയാണ് ബംഗളൂരൂ മുന്നിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആറാം സ്ഥാനത്താണ്. വ്യാഴാഴ്ച ലണ്ടനില്‍ പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ സ്വന്തം സിലിക്കണ്‍ വാലി എന്ന് വിളിക്കപ്പെടുന്ന ബെംഗളൂരുവിലെ നിക്ഷേപം നാല് വര്‍ഷത്തിനിടെ 5.4 മടങ്ങ് വര്‍ധിച്ചു. 2016ലെ 0.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ല്‍ 7.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് ലണ്ടനിലെ ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഏജന്‍സി മേയര്‍ ലണ്ടന്‍ & പാര്‍ട്‌ണേഴ്‌സ് വ്യക്തമാക്കി.

നാലുവര്‍ഷത്തിനിടെ മഹാരാഷ്ട്രയിലെ മുംബൈയിലെ നിക്ഷേപം 1.7 മടങ്ങ് വര്‍ദ്ധിച്ചു നിക്ഷേപം 0.7ല്‍ നിന്ന് 1.2 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നു. പട്ടികയിലെ രണ്ടാമത്തെ നഗരമായ ലണ്ടന്‍ 2016-2020 കാലയളവില്‍ 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 10.5 ബില്യണ്‍ ഡോളറായി മൂന്നിരട്ടി വളര്‍ച്ച നേടി
മൊത്തത്തിലുള്ള ടെക് വെഞ്ച്വര്‍ നിക്ഷേപ പട്ടികയില്‍ കര്‍ണാടകയുടെ തലസ്ഥാന നഗരമായ ബംഗളൂരൂ ആറാം സ്ഥാനത്താണ്. ബീജിംഗ്, സാന്‍ ഫ്രാന്‍സിസ്‌കോ, ന്യൂയോര്‍ക്ക്, ഷാങ്ഹായ്, ലണ്ടന്‍ എന്നിവയാണ് മുന്‍നിരയില്‍. നഗരങ്ങളിലെ വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപത്തില്‍ ലോക റാങ്കിംഗില്‍ മുംബൈ 21 സ്ഥാനത്താണ്.