ആലപ്പുഴയിലെ കയര്‍ മ്യൂസിയങ്ങളുടെ നവീകരണം അന്തിമ ഘട്ടത്തില്‍

. ലേബര്‍ മൂവ്മെന്‍റ് മ്യൂസിയം ഇന്ത്യയില്‍ ആദ്യത്തേത്കൊച്ചി: ആലപ്പുഴ നഗരത്തിന്‍റെ പാരമ്പര്യവും പെരുമയും സഞ്ചാരികളില്‍ എത്തിക്കുന്നതിനായി സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പൈതൃക നഗരം പദ്ധതിയുടെ പ്രധാന ആകര്‍ഷണമായ കയര്‍ മ്യൂസിയങ്ങളുടെ നവീകരണം അന്തിമ ഘട്ടത്തില്‍. കയര്‍ വ്യവസായത്തെയും തുറമുഖത്തെയും നഗരത്തിലെ പൈതൃക മന്ദിരങ്ങളെയും കോര്‍ത്തിണക്കി തയ്യാറാക്കുന്ന പദ്ധതിയില്‍ യാണ്‍ മ്യൂസിയം, ലേബര്‍ മൂവ്മെന്‍റ് മ്യൂസിയം/ലിവിംഗ് കയര്‍ മ്യൂസിയം, പോര്‍ട്ട് മ്യൂസിയം എന്നിവയാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തയ്യാറെടുക്കുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ലോകചരിത്രം അടയാളപ്പെടുത്തുന്ന ലേബര്‍ മൂവ്മെന്‍റ് മ്യൂസിയം ഈ വിഭാഗത്തില്‍ ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമാണ്. പൈതൃക മന്ദിരങ്ങളുടെ പുനരുദ്ധാരണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിനനുസരിച്ച് മ്യൂസിയത്തിലെ പ്രദര്‍ശനങ്ങളൊരുങ്ങും. മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡിന്‍റെ മേല്‍നോട്ടത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

പൈതൃക പദ്ധതി നടപ്പാക്കുന്നതിലൂടെ ആലപ്പുഴയുടെ പെരുമയും തുറമുഖ, വാണിജ്യരംഗത്തെ സമ്പന്നമായ ഭൂതകാലവും സഞ്ചാരികളിലെത്തിക്കാന്‍ സാധിക്കുമെന്ന് ടൂറിസം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന കെട്ടിടങ്ങളും മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ വ്യവസായ, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ക്കും വിജ്ഞാന സമ്പാദകര്‍ക്കും ഉപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇപ്പോള്‍ കയര്‍ ഫെഡറേഷന്‍ ഫാക്ടറിയായി പ്രവര്‍ത്തിക്കുന്ന ആലപ്പുഴയിലെ പഴയ ഫാക്ടറികളിലൊന്നായ ദാരാ ഇസ്മായില്‍ ഫാക്ടറിയിലാണ് യാണ്‍ മ്യൂസിയം ഒരുങ്ങുന്നത്. കയറിന്‍റെ ചരിത്രം, കയര്‍ സൊസൈറ്റികളുടെ വിവരങ്ങള്‍, കേരളത്തിലെ ജൈവിക നാരുകളെയും നാരുല്‍പ്പന്നങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങള്‍ എന്നിവ യാണ്‍ മ്യൂസിയത്തിലുണ്ടാകും. കയര്‍ തൊഴിലാളികളുടെ ജീവിതത്തെ അടുത്തറിയാനായി ദൃശ്യ-സാങ്കേതിക വിദ്യാപ്രദര്‍ശനവും ഒരുക്കും. തെങ്ങിനെക്കുറിച്ചുള്ള പ്രത്യേക ഗാലറിയും കയര്‍കൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളും മ്യൂസിയത്തിലെ പ്രത്യേകതകളാണ്. 5.42 കോടി രൂപ ചെലവിട്ടു കൊണ്ടുള്ള യാണ്‍ മ്യൂസിയത്തിന്‍റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി.


ആലപ്പുഴയിലെ കയര്‍ വ്യവസായവും തുറമുഖവും പൈതൃക മന്ദിരങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നും യാണ്‍ മ്യൂസിയത്തിന്‍റെയും ലിവിംഗ് കയര്‍ മ്യൂസിയത്തിന്‍റെയും നവീകരണ ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. തലശ്ശേരി, മുസിരിസ്, തിരുവിതാംകൂര്‍ പൈതൃക പദ്ധതികളുടെ മാതൃകയില്‍ ആലപ്പുഴ പൈതൃക നഗരം കൂടി പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിന്‍റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പെരുമയും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുമെന്നും ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീമതി.റാണി ജോര്‍ജ് പറഞ്ഞു.


ബോംബെ കമ്പനി പ്രവര്‍ത്തിച്ചിരുന്ന ന്യൂ മോഡല്‍ കയര്‍ സൊസൈറ്റിയിലാണ് ലേബര്‍ മൂവ്മെന്‍റ് മ്യൂസിയം തയ്യാറാകുന്നത്. ലോകത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍, കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ രൂപീകരണം, സമരങ്ങള്‍ തുടങ്ങിയവയുടെ വിശദമായ ചരിത്രം മ്യൂസിയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കയര്‍ ഉല്പാദനത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുന്നതാണ് ലിവിംഗ് കയര്‍ മ്യൂസിയം. ലോകമെമ്പാടുമുള്ള കയര്‍ വ്യവസായത്തിന്‍റെ വികാസ പരിണാമ ചരിത്രത്തില്‍ ആലപ്പുഴയെ അടയാളപ്പെടുത്തുന്ന കയര്‍ ചരിത്ര മ്യൂസിയം കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ കെട്ടിടം നില്‍ക്കുന്ന പഴയ വോള്‍കാര്‍ട്ട് ഫാക്ടറി സമുച്ചയത്തിലാണ് ഒരുങ്ങുന്നത്. 9.95 കോടി രൂപ ചെലവിട്ടുകൊണ്ടുള്ള നവീകരണ ജോലികള്‍ 97 ശതമാനം പൂര്‍ത്തിയായി.


വടക്കനാലിന്‍റെയും കൊമേര്‍ഷ്യല്‍ കനാലിന്‍റെയും കരകളുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലായി 100 വര്‍ഷത്തിലേറെ പഴക്കമുള്ള മന്ദിരങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നഗരത്തിന് പുതിയ മുഖം നല്‍കുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ ശ്രി.പി.ബാലകിരണ്‍ പറഞ്ഞു.

കടലുമായി ബന്ധപ്പെട്ട ആലപ്പുഴയുടെ ചരിത്രവും വാണിജ്യ ബന്ധങ്ങളും സാംസ്കാരിക ഇടപെടലുകളും ഉള്‍ക്കൊള്ളുന്ന പോര്‍ട്ട് മ്യൂസിയം സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവമാകും. പഴയ പോര്‍ട്ട് ഓഫീസിന്‍റെയും അതിനോടൊപ്പമുള്ള ഗോഡൗണുകളുടെയും കണ്‍സര്‍വേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പോര്‍ട്ട് ഓഫീസിനോട് ചേര്‍ന്നുള്ള 10 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം തയ്യാറാക്കുന്നത്. ഏഴ് ബ്ലോക്കുകളിലായിട്ടാണ് മ്യൂസിയത്തിന്‍റെ വിവിധ ഗാലറികള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഉരു, പത്തേമാരി, കപ്പലുകള്‍ തുടങ്ങിയവയുടെ മാതൃക ഇവിടെ കാണാം. ഇന്ത്യന്‍ മഹാസമുദ്രം വഴി കേരളം നടത്തിയ ഇടപെടലുകള്‍, ആഗോളവ്യാപാര മേഖലയില്‍ സ്പൈസ് റൂട്ട് വഴി കടന്നുപോയ കേരളത്തിന്‍റെ വ്യാപാര ചരിത്രം, ചരിത്ര രേഖകള്‍ എന്നിവയെല്ലാം മ്യുസിയത്തിലേക്കായി തയ്യാറാകുന്നുണ്ട്. 4.63 കോടി ചെലവിട്ടുള്ള പോര്‍ട്ട് മ്യൂസിയത്തിന്‍റെ 90 ശതമാനം നവീകരണ ജോലികള്‍ പൂര്‍ത്തിയായി.


തുറമുഖ സംഭരണ കേന്ദ്രങ്ങളില്‍ മിയാവാക്കി വനം തയ്യാറാക്കല്‍, കടല്‍പ്പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം, നാവിക സിഗ്നല്‍ മ്യുസിയം, കനാല്‍ നവീകരണം, ഗാന്ധി മ്യൂസിയം, ലിയോ പതിമൂന്നാമന്‍ സ്കൂള്‍, സൗക്കര്‍ മസ്ജിദ്, ഗുജറാത്തി ഹെറിറ്റേജ് സെന്‍റര്‍, മക്കാം മസ്ജിദ് നവീകരണം തുടങ്ങിയവയും പൈതൃക പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്. പട്ടണത്തിലെ ആരാധനാലയങ്ങള്‍, ഫാക്ടറികള്‍, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാകും. പ്രസിദ്ധ കണ്‍സര്‍വേഷന്‍ വാസ്തുശില്പിയായ ഡോ.ബെന്നി കുര്യക്കോസിന്‍റെ നേതൃത്വത്തിലാണ് പൈതൃക പദ്ധതിയുടെ ഭാഗമായുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭൂരിഭാഗം മ്യൂസിയങ്ങളും ലിവിംഗ് മ്യൂസിയങ്ങളായിട്ടാണ് നിര്‍മിക്കുന്നത്.