രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി ഹരിയാനയില്‍ തുടങ്ങി


രാജ്യത്തെ ആദ്യ എയര്‍ ടാക്‌സി സര്‍വീസിന് ഹരിയാനയില്‍ തുടക്കമായി. ചണ്ഡീഗഢില്‍ നിന്ന് ഹരിയാനയിലെ ഹിസാറിലേക്കായിരുന്നു ആദ്യ സര്‍വീസ്. 45 മിനിറ്റുകൊണ്ടാണ് വിമാനം ചത്തീസ്ഗഢില്‍ നിന്ന് ഹിസാറിലെത്തിയത്. 1755 രൂപ മുതലാണ് എയര്‍ ടാക്‌സിയുടെ ടിക്കറ്റ് വില ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങിനായി ഓണ്‍ലൈന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി പ്രകാരമാണ് രാജ്യത്ത് എയര്‍ ടാക്‌സി സര്‍വീസ് ആരംഭിച്ചത്. എയര്‍ ടാക്‌സി ഏവിയേഷന്‍ കമ്പനിയാണ് എയര്‍ ടാക്‌സി സര്‍വീസ് നടത്തുന്നത്. സര്‍വീസിന്റെ ആദ്യ ഘട്ടമാണ് ചണ്ഡീഗഢ്ഹിസാര്‍ യാത്ര. ഹിസാറില്‍ നിന്ന് ഡെറാഡൂണിലേക്കുള്ള രണ്ടാം ഘട്ട യാത്ര ജനുവരി 18ന് ആരംഭിക്കും. മൂന്നാം ഘട്ടത്തില്‍ ചണ്ഡിഗഢില്‍ നിന്ന് ഡെറാഡൂണിലേക്കും ഹിസാറില്‍ നിന്ന് ധര്‍മ്മശാലയിലേക്കും രണ്ട് റൂട്ടുകള്‍ കൂടി എയര്‍ ടാക്‌സി സര്‍വീസ് നടത്തും. ജനുവരി 23നാണ് മൂന്നാംഘട്ട യാത്ര ആരംഭിക്കുക. ഹരിയാനയില്‍ നിന്ന് ഷിംല,കുളു തുടങ്ങിയ കൂടുതല്‍ റൂട്ടുകള്‍ കൂടി ഉല്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.